ലണ്ടന്‍: അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി, 2023 മാര്‍ച്ചില്‍ കെയറര്‍ വീസയില്‍ ലെസ്റ്ററിലേക്ക് എത്തിയതായിരുന്നു.
മെച്ചപ്പെട്ട ജീവിതം തേടി കുടുംബമായി യുകെയിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ ഏകദേശം അഞ്ച് മാസത്തെ സേവനത്തിനുശേഷം അനീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി, ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍ ജോണ്‍ ആണ് ഭര്‍ത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കള്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ്.
മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്ന ആഗ്രഹത്തോടെ, ഭര്‍ത്താവും മക്കളും യുകെയിലെ മലയാളി സമൂഹത്തോട് സഹായം അഭ്യര്‍ഥിച്ചു. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണനും സെക്രട്ടറി സ്മൃതി രാജിവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് അറിയിച്ചു.
ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട്.