എഡിന്‍ബറോ (യുകെ): സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മലയാളി സേഫ്റ്റി എന്‍ജിനീയര്‍ ഷബിന്‍ അരയാന്‍തോപ്പില്‍ (45) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഷബിന്‍, ടോണ്‍സിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് എഡിന്‍ബറോ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
രണ്ട് വര്‍ഷം മുന്‍പ് കുവൈത്തില്‍ നിന്നാണ് ഷബിനും കുടുംബവും യുകെയിലേക്ക് എത്തിയത്. എഡിന്‍ബറോയിലെ പ്രഫഷനല്‍ ബാഡ്മിന്റണ്‍ കോച്ചും കൈരളി യുകെ എഡിന്‍ബറോ യൂണിറ്റിന്റെ സജീവ അംഗവുമായിരുന്നു. ഭാര്യ രേഖ ടിസിഎസില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്നു. മക്കള്‍: ആദി, ഇഷാന.