കാര്‍ഡിഫ്/കൊല്ലം: യുകെയിലെ സാമൂഹിക ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് നല്‍കുന്ന 'വെയില്‍സ് കെയര്‍ അവാര്‍ഡ് 2025'ല്‍ മലയാളി നഴ്‌സ് ഷൈനി സ്‌കറിയ ഗോള്‍ഡ് മെഡല്‍ നേടി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പില്‍ സീനിയര്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഷൈനി, നിരവധി തദ്ദേശീയരെ പിന്നിലാക്കിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. കാര്‍ഡിഫിലെ ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. വെയില്‍സിലെ ആരോഗ്യ മന്ത്രി ജെറമി മൈല്‍സിന്റെ കയ്യൊപ്പുള്ള സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവുമാണ് ഷൈനിക്ക് ലഭിച്ചത്.
വെല്‍ഷ് ഗവണ്‍മെന്റ് നല്‍കുന്ന ഈ അവാര്‍ഡ്, ആരോഗ്യ മേഖലയിലെ ആത്മാര്‍ത്ഥ സേവനത്തിന് നല്‍കുന്ന ഉയര്‍ന്ന അംഗീകാരമായി കണക്കാക്കപ്പെടുന്നു. ഷൈനിയുടെ സേവനം നഴ്‌സിങ് മേഖലയിലെ മാതൃകാപരമായ സമര്‍പ്പണത്തിന് തെളിവാണെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിലെ റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഷൈനി 2020-ല്‍ വെയില്‍സിലേക്ക് എത്തിയത്. ഭര്‍ത്താവ്: കുണ്ടറ തൃപ്പിലഴികം സ്വദേശി ജേക്കബ് തരകന്‍. മക്കള്‍: മന്ന, ഹന്ന. ഇരുവരും ഹെറിഫോര്‍ഡിലെ സെന്റ് ബഹനാന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ മാനേജിങ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.