ലണ്ടന്‍: യുകെയില്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (DVSA) പ്രഖ്യാപിച്ച പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങള്‍ നവംബര്‍ 24 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏകദേശം ആറു ലക്ഷത്തിലധികം ടെസ്റ്റ് ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായാണ് ഈ പരിഷ്‌ക്കാരം. ഗ്രാഡ്വേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് (GDL) നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.
പുതിയ നിയമപ്രകാരം, ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള സ്റ്റോപ്പുകളുടെ എണ്ണം നാലില്‍ നിന്നും മൂന്നായി കുറയ്ക്കും. ഇതിലൂടെ ടെസ്റ്റ് റൂട്ടുകളുടെ പ്ലാനിംഗില്‍ കൂടുതല്‍ ഫ്ലെക്‌സിബിലിറ്റി ലഭിക്കുമെന്ന് DVSA വ്യക്തമാക്കുന്നു. അതുപോലെ, എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ആവര്‍ത്തനവും മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്നും ഏഴ് ടെസ്റ്റുകളില്‍ ഒന്നായി കുറയ്ക്കും.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ ദൈര്‍ഘ്യത്തിലും ലഭ്യമായ എണ്ണംതിലും മാറ്റമുണ്ടാകില്ലെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യഥാര്‍ത്ഥ സാഹചര്യങ്ങളിലുള്ള ഡ്രൈവിംഗ് സ്‌കില്‍ പരിശോധിക്കപ്പെടും. ഈ വര്‍ഷം ആദ്യം രാജ്യത്തെ 20 ഓളം ടെസ്റ്റ് സെന്ററുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയിരുന്നു.