Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1489 INR  1 EURO=110.1807 INR
ukmalayalampathram.com
Thu 23rd Jul 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് വീണ്ടും രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി 2027 ജനുവരി മുതല്‍
reporter

ലണ്ടന്‍: ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇംഗ്ലണ്ടിലെ മിക്ക പ്രാദേശിക ബസ് സര്‍വീസുകളിലും ഒറ്റയാത്രയുടെ പരമാവധി നിരക്ക് വീണ്ടും രണ്ട് പൗണ്ടായി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 2027 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി ആ വര്‍ഷം മുഴുവന്‍ തുടരും. യാത്രാച്ചെലവ് കാരണം ആരും പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിയരുതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന ഗതാഗതസൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബേണെം പറഞ്ഞു. ജീവിതച്ചെലവ് കുറയ്ക്കുന്ന സര്‍ക്കാരാകുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. പദ്ധതിക്കായി 500 മില്യന്‍ പൗണ്ടിലധികം ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 454 മില്യന്‍ പൗണ്ട് ഊര്‍ജസുരക്ഷാ-നെറ്റ് സീറോ വകുപ്പിന്റെ ഫണ്ടില്‍നിന്ന് പുനര്‍വിനിയോഗിച്ചാണ് കണ്ടെത്തുക. വിദേശ കാലാവസ്ഥാ പദ്ധതികള്‍ക്കായി ഗ്രാന്റായി നീക്കിവച്ചിരുന്ന തുക വായ്പാരീതിയിലേക്ക് മാറ്റുന്നതിലൂടെയാണ് ഇതിനുള്ള ധനസമാഹരണം നടത്തുന്നത്.

2023ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ആരംഭിച്ച രണ്ട് പൗണ്ട് ബസ് നിരക്ക് പദ്ധതി പിന്നീട് മൂന്ന് പൗണ്ടായി ഉയര്‍ത്തിയിരുന്നു. പുതിയ തീരുമാനത്തോടെ പരമാവധി നിരക്ക് വീണ്ടും രണ്ട് പൗണ്ടായി കുറയും. ദിവസേന ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിമാസ ചെലവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇംഗ്ലണ്ടില്‍ മാത്രമാണ് പുതിയ നിരക്ക് ബാധകമാകുക. പൊതുഗതാഗതം വികേന്ദ്രീകൃത സര്‍ക്കാരുകളുടെ അധികാരപരിധിയിലുള്ള വിഷയമായതിനാല്‍ സ്‌കോട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ബസ് നിരക്ക് അതത് സര്‍ക്കാരുകളാണ് തീരുമാനിക്കുക. എന്നാല്‍ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാരുകള്‍ക്കും അധിക ധനവിഹിതം ലഭിക്കും. തുക എങ്ങനെ വിനിയോഗിക്കണമെന്നത് അവര്‍ക്കുതന്നെ തീരുമാനിക്കാം.

അതേസമയം, നിലവില്‍ 12,570 പൗണ്ടായ നികുതിരഹിത വ്യക്തിഗത വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2021 മുതല്‍ ഈ പരിധിയില്‍ മാറ്റമുണ്ടായിട്ടില്ല. ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള ആദ്യഘട്ട നടപടികളായി വൈദ്യുതി ബില്ലിലെ വാറ്റ് ഇളവിനും ബസ് നിരക്കിലെ കുറവിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഗാര്‍ഹിക വൈദ്യുതി ബില്ലിന്മേലുള്ള അഞ്ച് ശതമാനം വാറ്റ് ഒക്ടോബര്‍ മുതല്‍ ആറുമാസത്തേക്ക് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഒരു കുടുംബത്തിന് ശരാശരി 45 പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി ബില്ലിലെ വാറ്റ് ഇളവും ബസ് നിരക്ക് കുറയ്ക്കലും ജനങ്ങളുടെ ദൈനംദിന ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window