|
ലിസ നാന്‍ഡി (46) വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രധാന മുഖം. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ ഡിജിറ്റല്‍, സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായാണ് ലിസയെ നിയമിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യന്‍ വംശജന്റെ മകളാണ് ലിസ നാന്‍ഡി. സ്റ്റാര്‍മര്‍ സര്‍ക്കാരില്‍ 2024 ജൂലൈ മുതല്‍ സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായിരുന്നു ലിസ. പുതിയ മന്ത്രിസഭയില്‍ ഡിജിറ്റല്‍ മേഖലകൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ 20നാണ് നിയമനം പ്രാബല്യത്തില്‍ വന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്
1979 ഓഗസ്റ്റ് ഒന്‍പതിന് മാഞ്ചസ്റ്ററില്‍ ജനിച്ച ലിസ, 2010 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വിഗന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ എംപിയാണ്. ന്യൂകാസില്‍ സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രീയശാസ്ത്രത്തില്‍ ബിരുദവും ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ക്ബെക്കില്‍നിന്ന് പൊതുനയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പാര്‍ലമെന്റിലെത്തുന്നതിനുമുന്‍പ് ഭവനരഹിതരായ യുവാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സെന്റര്‍പോയിന്റില്‍ ഗവേഷകയായിരുന്നു. പിന്നീട് ദി ചില്‍ഡ്രന്‍സ് സൊസൈറ്റിയില്‍ സീനിയര്‍ പോളിസി അഡൈ്വസറായി പ്രവര്‍ത്തിച്ചു. കുട്ടികള്‍, യുവ അഭയാര്‍ഥികള്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു പ്രധാനമായും ഇടപെട്ടത്. ലിസ നാന്‍ഡിയുടെ ഔദ്യോഗിക പ്രൊഫൈല്‍ |