Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പണപ്പെരുപ്പം 2.6 ശതമാനമായി കുറഞ്ഞു; ഭക്ഷ്യവിലക്കയറ്റം രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
reporter

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറഞ്ഞതോടെ രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പനിരക്ക് ജൂണില്‍ 2.8 ശതമാനത്തില്‍നിന്ന് 2.6 ശതമാനമായി താഴ്ന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ONS) അറിയിച്ചു. മാര്‍ഗറിന്‍, പഞ്ചസാര, ചോക്ലേറ്റ്, മിഠായികള്‍, പീത്സ, ക്വിഷ് തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിച്ചത്. ബീഫ് ഉള്‍പ്പെടെയുള്ള മാംസ-ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിലവര്‍ധനയും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. സമ്മര്‍ ഓഫറുകളും വിലക്കുറവുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയില്‍ നടന്ന കടുത്ത മത്സരവും ഭക്ഷ്യവില കുറയാന്‍ സഹായിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കോണ്‍സോര്‍ഷ്യം (BRC) വിലയിരുത്തി.

ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വില കുറഞ്ഞതും സമ്മര്‍ സെയിലിന്റെ ഭാഗമായി വസ്ത്രങ്ങള്‍ക്ക് വലിയ വിലക്കിഴിവ് ലഭിച്ചതും ജൂണിലെ പണപ്പെരുപ്പം താഴാന്‍ കാരണമായി. എന്നാല്‍ ഈ ആശ്വാസം ദീര്‍ഘകാലം തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നില്ല. ജൂലൈ മുതല്‍ ഊര്‍ജവില ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ ചാഞ്ചാട്ടത്തിന്റെ ആഘാതം ഭക്ഷ്യവിലയില്‍ പൂര്‍ണമായി പ്രതിഫലിക്കാന്‍ 13 മാസം വരെ സമയമെടുക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അടുത്ത മാസങ്ങളില്‍ ഭക്ഷ്യവില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രധാനമന്ത്രി ആന്‍ഡി ബേണെം അധികാരമേറ്റതിന് പിന്നാലെ പുറത്തുവന്ന പണപ്പെരുപ്പക്കണക്ക് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ്. ജീവിതച്ചെലവ് കുറയ്ക്കുന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ബേണെം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പണപ്പെരുപ്പം കുറഞ്ഞത് കുടുംബങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണെങ്കിലും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ധനമന്ത്രി ജോണ്‍ ഹീലി പറഞ്ഞു. ഒക്ടോബര്‍ മുതല്‍ വര്‍ഷാവസാനംവരെ ഗാര്‍ഹിക വൈദ്യുതി ബില്ലിലെ വാറ്റ് ഒഴിവാക്കുമെന്നും ജനുവരി മുതല്‍ ഇംഗ്ലണ്ടിലെ ബസ് യാത്രയുടെ പരമാവധി നിരക്ക് വീണ്ടും രണ്ട് പൗണ്ടാക്കുമെന്നും സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടികള്‍ ജനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ലക്ഷ്യത്തേക്കാള്‍ പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. എങ്കിലും അടുത്തയാഴ്ച ചേരുന്ന ധനനയ സമിതി പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഊര്‍ജവില വര്‍ധന, എണ്ണവിലയിലെ അനിശ്ചിതത്വം, ഉയര്‍ന്ന ഗാര്‍ഹിക ബില്ലുകള്‍ എന്നിവ കാരണം വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കാം. ഇതിന്റെ പ്രത്യാഘാതമായി മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളും ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window