ലണ്ടന്‍: കുട്ടികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ ഭക്ഷണ മാനദണ്ഡങ്ങളില്‍ വന്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിനൊപ്പം പഴം, പച്ചക്കറി, ഫൈബര്‍ സമൃദ്ധമായ ഭക്ഷണം, ഹോള്‍ഗ്രെയ്ന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ മാനദണ്ഡങ്ങളുടെ പ്രധാന സവിശേഷത. 2027 മുതല്‍ പുതിയ ഭക്ഷണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒരു ദശാബ്ദത്തിലേറെയായി ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ വ്യവസ്ഥകള്‍ പ്രകാരം കേക്ക് ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളുടെ വിതരണം നിയന്ത്രിക്കും. സെക്കന്‍ഡറി സ്‌കൂളുകളില്‍ ആഴ്ചയില്‍ പരമാവധി രണ്ടുതവണയും പ്രൈമറി സ്‌കൂളുകളില്‍ ഒരുതവണയും മാത്രമേ ഇത്തരം വിഭവങ്ങള്‍ നല്‍കാനാകൂ. മധുരപലഹാരങ്ങള്‍ നല്‍കുന്ന അവസരങ്ങളില്‍ കുട്ടികള്‍ക്ക് ഒപ്പം ഒരു ഭാഗം പഴവും നല്‍കണം. എല്ലാ പ്രധാന ഭക്ഷണങ്ങള്‍ക്കൊപ്പവും കുറഞ്ഞത് ഒരു ഭാഗം പഴമോ പച്ചക്കറിയോ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
എണ്ണയില്‍ മുക്കി വറുത്തെടുക്കുന്ന ഡീപ്പ് ഫ്രൈഡ് വിഭവങ്ങളും സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ചിപ്‌സ്, പൊട്ടറ്റോ വെഡ്ജസ്, ഹാഷ് ബ്രൗണ്‍സ് തുടങ്ങിയ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ക്ക് പൂര്‍ണ നിരോധനമില്ല. ഇവ പരിമിതമായി മാത്രമേ നല്‍കാവൂ. ഡീപ്പ് ഫ്രൈ ചെയ്ത ചിപ്‌സിന് പകരം ഓവനില്‍ ബേക്ക് ചെയ്ത ചിപ്‌സ് നല്‍കുന്നതിനാണ് മുന്‍ഗണന. ഹാം, സോസേജ്, ചിക്കന്‍ നഗ്ഗറ്റ്‌സ് തുടങ്ങിയ പ്രോസസ്ഡ് മീറ്റ് വിഭവങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരം ഭക്ഷണങ്ങള്‍ ആഴ്ചയില്‍ ഒരുതവണയായി പരിമിതപ്പെടുത്തുകയും അവയ്‌ക്കൊപ്പം പച്ചക്കറിയോ പഴമോ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. കുട്ടികളുടെ ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനായി ഹോള്‍ഗ്രെയ്ന്‍ വിഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. പാസ്ത വിഭവങ്ങളില്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും 50 ശതമാനം ഹോള്‍വീറ്റ് പാസ്ത ഉള്‍പ്പെടുത്തണം. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ബ്രെഡിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കും.
സ്‌കൂളുകളിലെ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകള്‍ക്കും ആദ്യമായി പോഷകാഹാര മാനദണ്ഡങ്ങള്‍ ബാധകമാകും. അടുത്ത സെപ്റ്റംബര്‍ മുതല്‍ പേസ്ട്രികളും ഫ്രൈ ചെയ്ത മുട്ടയും മെനുവില്‍ നിന്ന് ഒഴിവാക്കും. സീരിയലുകളിലെ പഞ്ചസാരയുടെ അളവിനും പരിധി നിശ്ചയിക്കും. കോകോ പോപ്‌സ് പോലുള്ള ഉയര്‍ന്ന പഞ്ചസാര അടങ്ങിയ സീരിയലുകള്‍ക്കും ചോക്ലേറ്റ് സ്‌പ്രെഡിനും അനുമതിയുണ്ടാകില്ല. ഫെബ്രുവരി മുതല്‍ ഇംഗ്ലണ്ടിലെ 1,250 സ്‌കൂളുകളില്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകള്‍ തങ്ങളുടെ ഭക്ഷണനയവും ദിവസേനയുള്ള മെനുവും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും പുതിയ നിര്‍ദേശമുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനവും വികസിപ്പിക്കും. ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സിയുമായി സഹകരിച്ചായിരിക്കും സംവിധാനം രൂപപ്പെടുത്തുക.
കുട്ടികളിലെ അമിതവണ്ണം കുറയ്ക്കുക, പോഷകാഹാരം മെച്ചപ്പെടുത്തുക, പഠനത്തിലെ ഏകാഗ്രതയും ക്ഷേമവും വര്‍ധിപ്പിക്കുക എന്നിവയാണ് പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ പെരുമാറ്റത്തിലും പഠനശേഷിയിലും അനുകൂല സ്വാധീനം ചെലുത്തുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവല്‍ പുതിയ പരിഷ്‌കാരങ്ങളെ ''ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റങ്ങള്‍'' എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്‌തെങ്കിലും പുതിയ മാനദണ്ഡങ്ങള്‍ സ്‌കൂള്‍ ഹെഡ്ടീച്ചര്‍മാര്‍ക്ക് അധിക സമ്മര്‍ദമാകരുതെന്ന് മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ കിച്ചണുകള്‍ക്ക് കൂടുതല്‍ നിക്ഷേപവും ഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2027 മുതല്‍ ഇംഗ്ലണ്ടിലെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുക. നിലവിലുള്ള സ്‌കൂള്‍ ഫണ്ടില്‍ നിന്നുതന്നെ പരിഷ്‌കാരത്തിനുള്ള ചെലവ് കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും വ്യത്യസ്തമാണ്.