ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായ ഡയാന രാജകുമാരിയുടെ പ്രശസ്തമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്. 1994ല്‍ ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ നടന്ന ചാരിറ്റി പരിപാടിയില്‍ ഡയാന ധരിച്ച കറുത്ത സില്‍ക്ക് വസ്ത്രമാണ് ഡിസംബര്‍ ഒന്‍പതിന് ലേലത്തിനെത്തുന്നത്. വസ്ത്രത്തിന് 2.2 ലക്ഷം പൗണ്ട്, ഏകദേശം മൂന്ന് ലക്ഷം ഡോളര്‍ വരെ ലഭിക്കുമെന്നാണ് ലേല സ്ഥാപനമായ സോത്ത്ബിയുടെ പ്രതീക്ഷ. 1994 നവംബര്‍ 20ന് വാനിറ്റി ഫെയര്‍ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിലാണ് ഡയാന ഈ വസ്ത്രം ധരിച്ച് പൊതുവേദിയിലെത്തിയത്. അതേ ദിവസം സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ അന്നത്തെ ഭര്‍ത്താവായിരുന്ന ചാള്‍സ് രാജകുമാരന്‍ വിവാഹബന്ധത്തിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെ ആത്മവിശ്വാസത്തോടെ ഡയാന പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രീക്ക് ഡിസൈനറായ ക്രിസ്റ്റീന സ്റ്റാംബോളിയന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത കറുത്ത സ്ട്രാപ്ലെസ് സില്‍ക്ക് സായാഹ്ന വസ്ത്രമായിരുന്നു ഡയാന അണിഞ്ഞത്. കറുത്ത ക്ലച്ച്, ഹൈഹീല്‍ ചെരിപ്പുകള്‍, രാജകീയ ആഭരണങ്ങള്‍ എന്നിവയും വേഷത്തിന് ഒപ്പമുണ്ടായിരുന്നു. ഡയാനയുടെ അന്നത്തെ സ്‌റ്റൈലിസ്റ്റായ അന്ന ഹാര്‍വിയുടെ വാക്കുകള്‍ പ്രകാരം, 'ഒരു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന തരത്തില്‍' കാണണമെന്നായിരുന്നു ഡയാനയുടെ ആഗ്രഹം. ചാള്‍സിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ഡയാന നടത്തിയ ഈ പൊതുപ്രത്യക്ഷപ്പെടല്‍ അവരുടെ സ്വതന്ത്ര നിലപാടിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറി. ഇതോടെയാണ് മാധ്യമങ്ങള്‍ വസ്ത്രത്തിന് 'റിവഞ്ച് ഡ്രസ്' എന്ന വിശേഷണം നല്‍കിയത്.
ഫാഷന്‍ ഡയാനയ്ക്ക് സ്വന്തം നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള ശക്തമായ ഭാഷയായിരുന്നുവെന്ന് സോത്ത്ബിയുടെ ഗ്ലോബല്‍ ഹെഡ് ഓഫ് ഹാന്‍ഡ്ബാഗ്‌സ് ആന്‍ഡ് ഫാഷന്‍ മോര്‍ഗന്‍ ഹലിമി പറഞ്ഞു. ജീവിതത്തിലെ ഏറെ വൈകാരികവും മാധ്യമശ്രദ്ധ നിറഞ്ഞതുമായ ഘട്ടത്തില്‍ വസ്ത്രത്തിലൂടെ സ്വന്തം കഥയുടെ നിയന്ത്രണം ഡയാന തിരിച്ചുപിടിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 1997ന് ശേഷം ആദ്യമായാണ് ഈ വസ്ത്രം വീണ്ടും ലേലത്തിനെത്തുന്നത്. അന്ന് ഡയാന തന്റെ 79 വസ്ത്രങ്ങള്‍ ലേലത്തില്‍ വിറ്റ് ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു. ഡയാന അന്ന് ചടങ്ങിനെത്തിയ വിന്റേജ് ജാഗ്വാര്‍ എക്‌സ്‌ജെ 40 കാറും ഈ വര്‍ഷം ആദ്യം ലേലത്തില്‍ വിറ്റിരുന്നു. 66,250 പൗണ്ടിനായിരുന്നു കാറിന്റെ വില്‍പന. അതേസമയം, ഡയാന ഉപയോഗിച്ച വസ്ത്രങ്ങള്‍ക്കും ഫാഷന്‍ സാമഗ്രികള്‍ക്കും ലേല വിപണിയില്‍ വലിയ ആവശ്യമാണ്. വെള്ള ആടുകള്‍ക്കിടയില്‍ ഒറ്റ കറുത്ത ആടിന്റെ ചിത്രം പതിച്ച ഡയാനയുടെ പ്രശസ്ത സ്വെറ്റര്‍ 2023ല്‍ സോത്ത്ബിയുടെ ന്യൂയോര്‍ക്ക് ലേലത്തില്‍ 9.2 ലക്ഷം പൗണ്ടിനാണ് വിറ്റുപോയത്. ഡയാനയുടെ വസ്ത്രങ്ങള്‍ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുകകളിലൊന്നായിരുന്നു അത്.