Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കൗണ്ടി മയോയിലെ കാസില്‍ബാറില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചക്കുവരയ്ക്കല്‍ കവലയില്‍പുത്തന്‍വീട് ഡി. മാത്യുവിന്റെയും മറിയാമ്മയുടെയും മകന്‍ ഷാന്‍ മാത്യു (38) ആണ് മരിച്ചത്. ഷാന്റെ ഭാര്യ ദീപ്തി മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജീവനക്കാരിയാണ്. അയര്‍ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പ് ഇരുവരും ഡല്‍ഹിയില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങളായി അയര്‍ലന്‍ഡിലെ ലിമറിക്കില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദീപ്തിക്ക് മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുടുംബം കാസില്‍ബാറിലേക്ക് താമസം മാറിയത്. സെപ്റ്റംബര്‍ എട്ടിന് ദീപ്തി പള്ളിയിലെ ശുശ്രൂഷയില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഷാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഷാന് നേരത്തെ ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക പരിശോധനകള്‍ക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. മീവല്‍ ഷാന്‍ (9), എലിയേസര്‍ ഷാന്‍ (7) എന്നിവരാണ് മക്കള്‍. ഇരുവരും നിലവില്‍ നാട്ടിലാണ്. ഷാന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. മയോ മലയാളി അസോസിയേഷന്റെയും മയോ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെയും നേതൃത്വത്തില്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നത്.

സെപ്റ്റംബര്‍ 14ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ കാസില്‍ബാറിലെ ബ്രാഫിയിലുള്ള സെന്റ് അലോഷ്യസ് പള്ളിയില്‍ പൊതുദര്‍ശനം നടക്കും. യാക്കോബായ സഭയുടെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും പൊതുദര്‍ശന ശുശ്രൂഷകളും നടത്തും. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് കൊട്ടാരക്കര ചക്കുവരയ്ക്കലിലെ മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിക്കും.

 
Other News in this category

 
 




 
Close Window