ലണ്ടന്‍: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തില്‍ നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റിഫോം യുകെ'ക്കെതിരെ മെട്രോപൊളിറ്റന്‍ പൊലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ചാനല്‍ 4 ന്യൂസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഒളിക്യാമറ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് പൊലീസ് നടപടി. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനകളും അഭിപ്രായ സര്‍വേകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. 2000ലെ പൊളിറ്റിക്കല്‍ പാര്‍ട്ടീസ്, ഇലക്ഷന്‍സ് ആന്‍ഡ് റഫറന്‍ഡംസ് ആക്ട് പ്രകാരമുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ചാനല്‍ 4 സംപ്രേഷണം ചെയ്ത ഒളിക്യാമറ ദൃശ്യങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇലക്ടറല്‍ കമ്മിഷനുമായും പ്രോസിക്യൂഷന്‍ സര്‍വീസുമായും ചര്‍ച്ച
അന്വേഷണവുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ കമ്മിഷനുമായും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസുമായും മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ചാനല്‍ 4 നടത്തിയ അന്വേഷണത്തില്‍ റിഫോം യുകെയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിദേശത്തുനിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ഇതിനു പിന്നാലെ നൈജല്‍ ഫരാജിന്റെ അടുത്ത അനുയായിയായ ഡാന്‍ ജൂക്‌സും പാര്‍ട്ടിയുടെ പോളിസി മേധാവി ജെയിംസ് ഓറും തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് മാറിനിന്നിരുന്നു.
ആരോപണം നിഷേധിച്ച് റിഫോം യുകെ
അതേസമയം, നിയമലംഘനം നടന്നെന്ന ആരോപണങ്ങള്‍ റിഫോം യുകെ നിഷേധിച്ചു. പൊലീസ് അന്വേഷണവുമായി പാര്‍ട്ടി പൂര്‍ണമായും സഹകരിക്കുമെന്ന് വക്താവ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചതോടെ നൈജല്‍ ഫരാജിന്റെ പാര്‍ട്ടിക്കുമേലുള്ള രാഷ്ട്രീയ സമ്മര്‍ദവും ശക്തമായിരിക്കുകയാണ്.