Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കനത്ത മഴ; 33,000 കുടുംബങ്ങളെ ബാധിച്ച ഹോസ്പൈപ്പ് നിരോധനം പിന്‍വലിച്ചു
reporter

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം പിന്‍വലിച്ചു. വെല്‍ഷ് വാട്ടറാണ് നിയന്ത്രണം അവസാനിപ്പിച്ചതായി അറിയിച്ചത്. ശരത്കാലത്തിലേക്ക് കാലാവസ്ഥ മാറുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചിരുന്നു. താപനിലയും താഴ്ന്നതോടെ ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിയതാണ് നിയന്ത്രണം ഒഴിവാക്കാന്‍ വഴിയൊരുക്കിയത്. വരും ദിവസങ്ങളിലും താപനില കുറയുകയും മഴ തുടരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കടുത്ത വേനലും മഴക്കുറവും മൂലം വെയില്‍സിന്റെ ഭൂരിഭാഗവും നേരത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ പെംബ്രോക്ക്ഷയര്‍, വടക്കന്‍ കാര്‍മാര്‍ത്തന്‍ഷയര്‍ എന്നിവ ഉള്‍പ്പെടുന്ന മിഡ് ആന്‍ഡ് സൗത്ത് സെറിഡിജിയന്‍ വാട്ടര്‍ നെറ്റ്വര്‍ക്കിലെ ഉപഭോക്താക്കള്‍ക്കാണ് ജൂലൈ പകുതി മുതല്‍ ഹോസ്പൈപ്പ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

തോട്ടങ്ങള്‍ക്ക് വെള്ളമൊഴിക്കുക, വാഹനങ്ങള്‍ കഴുകുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നത് നിയന്ത്രണത്തിന്റെ ഭാഗമായി വിലക്കിയിരുന്നു. ദീര്‍ഘകാലമായി മഴ കുറഞ്ഞതും വേനല്‍ക്കാലത്ത് ജലോപയോഗം കുത്തനെ ഉയര്‍ന്നതുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്. എന്നാല്‍ അടുത്തിടെ ലഭിച്ച ശക്തമായ മഴ, താപനിലയിലെ കുറവ്, സ്‌കൂളുകള്‍ വീണ്ടും തുറന്നത്, വേനല്‍ക്കാല വിനോദസഞ്ചാര സീസണ്‍ അവസാനത്തിലേക്ക് നീങ്ങുന്നത് എന്നിവയോടെ ജലോപയോഗം കുറഞ്ഞതായി വെല്‍ഷ് വാട്ടര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹോസ്പൈപ്പ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. ജലസംഭരണികളിലെ നില മെച്ചപ്പെട്ടെങ്കിലും വരും മാസങ്ങളിലും ജലസ്രോതസ്സുകളുടെ സ്ഥിതി നിരീക്ഷിക്കുന്നത് തുടരുമെന്നും ജലം പാഴാക്കാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും വെല്‍ഷ് വാട്ടര്‍ അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window