Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
UK Special
  Add your Comment comment
ഭരതനാട്യ ലോക റെക്കോര്‍ഡില്‍ മലയാളി അമ്മയും മകളും; 1,099 നര്‍ത്തകരോടൊപ്പം ചരിത്രനേട്ടം
reporter

വെയില്‍സ്: സൗത്ത് വെയില്‍സില്‍ നിന്നുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്താധ്യാപികയും മകളും ഭരതനാട്യത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തിന്റെ ഭാഗമായി. കലാക്ഷേത്ര പാരമ്പര്യത്തില്‍ പരിശീലനം നേടിയ ഭരതനാട്യ കലാകാരിയും നര്‍ത്തകിയും കൊറിയോഗ്രഫറും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകള്‍ ദേവിതീര്‍ഥ രാജുവുമാണ് 1,099 നര്‍ത്തകര്‍ ഒരുമിച്ചണിനിരന്ന ചരിത്രാവതരണത്തില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ 6ന് ഈസ്റ്റ് ലണ്ടനിലെ ലോട്ടണില്‍ നടന്ന 'GCL Utsav Mela 2026'ലായിരുന്നു റെക്കോര്‍ഡ് പ്രകടനം. ഗ്രിഫിന്‍ കോളജ് ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി 1,099 നര്‍ത്തകര്‍ ഒരുമിച്ച് വേദിയിലെത്തി. ഭഗവാന്‍ ശിവനെ ആസ്പദമാക്കി 17 മിനിറ്റ് നീണ്ടുനിന്ന ഭരതനാട്യ അവതരണമാണ് ഗ്ലോബല്‍ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയത്. 'Longest Shiva-Themed Bharatanatyam Classical Repertoire' എന്ന പേരിലാണ് റെക്കോര്‍ഡ് ഔദ്യോഗികമായി അംഗീകരിച്ചത്. ചരിത്രാവതരണത്തിന്റെ ഭാഗമായ ദേവിപ്രഭയ്ക്കും ദേവിതീര്‍ഥയ്ക്കും ഔദ്യോഗിക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

ദേവിപ്രഭയ്ക്കും മകള്‍ക്കുമൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളി നര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തപാരമ്പര്യത്തിന്റെ വൈവിധ്യവും ഒരുമയും പ്രകടമാക്കിയ വേദിയില്‍ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. അമ്മയും മകളും ഒരുമിച്ച് ലോക റെക്കോര്‍ഡ് വേദിയിലെത്തിയത് കുടുംബത്തിന് ഏറെ അഭിമാനകരമായ അനുഭവമായെന്ന് ദേവിപ്രഭ പറഞ്ഞു. ഭരതനാട്യം തങ്ങളുടെ ജീവിതങ്ങളെ ബന്ധിപ്പിക്കുന്ന നൂലിഴ പോലെയാണെന്നും മകള്‍ക്കൊപ്പം ചരിത്രനേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവും നല്‍കുന്നതായും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരംഗത്ത് അമ്മയും മകളും സ്വന്തമാക്കുന്ന നേട്ടങ്ങളുടെ തുടര്‍ച്ച കൂടിയാണ് ഈ ലോക റെക്കോര്‍ഡ്. UUKMA 2025 വെയില്‍സ് റീജനല്‍ മത്സരത്തില്‍ ഇരുവരും ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

മൂന്നാം വയസ്സില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ദേവിപ്രഭ, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഗുരു രാധാമണിയുടെ കീഴില്‍ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യയിലെ നാട്യവേദ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ സ്ഥാപക കൂടിയായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെയായി നൃത്താവതരണം, കൊറിയോഗ്രഫി, അധ്യാപനം എന്നീ മേഖലകളില്‍ സജീവമാണ്. ഭരതനാട്യത്തിനൊപ്പം മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും ദേവിപ്രഭ പരിശീലനം നേടിയിട്ടുണ്ട്. നാട്യവേദ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയിലും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

വെയില്‍സിലെത്തിയ ശേഷവും പ്രാദേശിക കലാ-സാംസ്‌കാരിക രംഗത്ത് സജീവമായ ദേവിപ്രഭ കാര്‍ഡിഫിലെ രാധായാത്ര ഫെസ്റ്റിവലില്‍ വിദ്യാര്‍ഥികള്‍ക്ക് നൃത്തപരിശീലനവും കൊറിയോഗ്രഫിയും നല്‍കിയിട്ടുണ്ട്. 2023, 2024 വര്‍ഷങ്ങളില്‍ കാര്‍ഡിഫിലെ ആഡംസ്ഡൗണില്‍ നടന്ന Gwledd Parc Feast, NoFit State കമ്യൂണിറ്റി ഫെസ്റ്റിവല്‍ തുടങ്ങിയ പരിപാടികളിലും പരിശീലനങ്ങളിലും അവര്‍ പങ്കെടുത്തു. GCSE പഠനത്തിന് തുടക്കം കുറിച്ച ദേവിതീര്‍ഥയും അമ്മയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരംഗത്ത് സജീവമാണ്. കാര്‍ഡിഫിലെ വിവിധ കമ്യൂണിറ്റി പരിപാടികളില്‍ ദേവിതീര്‍ഥ നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. ''ഭരതനാട്യം ഒരു വേദികല മാത്രമല്ല. സംസ്‌കാരം സംരക്ഷിക്കാനും കഥകള്‍ പറയാനും സമൂഹത്തെ ഒരുമിപ്പിക്കാനുമുള്ള ഒരു മാര്‍ഗം കൂടിയാണ്. മകള്‍ ദേവിതീര്‍ഥയ്‌ക്കൊപ്പം ഈ ലോക റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അഭിമാനകരമായ ഓര്‍മയാണ്,'' ദേവിപ്രഭ പറഞ്ഞു. 1,099 നര്‍ത്തകര്‍ ഒരുമിച്ചെത്തിയ അവതരണം ഭക്തിയുടെയും ഐക്യത്തിന്റെയും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തപാരമ്പര്യത്തിന്റെയും ആഘോഷമായി മാറി. ഇന്ത്യയില്‍ ആരംഭിച്ച് വെയില്‍സിലേക്കും അവിടെനിന്ന് ലോക റെക്കോര്‍ഡ് വേദിയിലേക്കും നീണ്ട ദേവിപ്രഭയുടെയും ദേവിതീര്‍ഥയുടെയും നൃത്തയാത്രയില്‍ പുതിയൊരു അഭിമാന അധ്യായമായാണ് ഈ നേട്ടം മാറിയത്.

 
Other News in this category

 
 




 
Close Window