|
പറവൂരില്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിലാണ് സംഭവം നടന്നത്. ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടി ഉണ്ടായത്.
മുടിവെട്ടിയതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് പറയാനാകില്ലെന്ന് കണ്ടക്ടര്‍ സൗജന്യ യാത്രാസൗകര്യം നിഷേധിച്ചത്. ഒരു തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനി തല മൊട്ടയടിച്ചിരുന്നു. മുടി പൂര്‍ണ്ണമായി വളര്‍ന്നു വന്നിരുന്നില്ല.പെണ്‍കുട്ടിയാണെന്ന് സഹപാഠികള്‍ വ്യക്തമാക്കിയെങ്കിലും, 'ഇവളെ കണ്ടിട്ട് പെണ്‍കുട്ടിയായി തോന്നുന്നുണ്ടോ, നീ പെണ്ണാണെന്ന് അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ പറ്റില്ലല്ലോ, നെറ്റിയില്‍ ഒട്ടിച്ചു വെച്ചോ' എന്നിങ്ങനെ അങ്ങേയറ്റം മോശമായ രീതിയില്‍ കണ്ടക്ടര്‍ കുട്ടിയെ സഹയാത്രികരുടെ മുന്നില്‍ വെച്ച് അധിക്ഷേപിക്കുകയായിരുന്നു. കൈയില്‍ പൈസയില്ലാതിരുന്ന കുട്ടി ബസില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായപ്പോഴും അപഹാസ്യം തുടര്‍ന്നു. കണ്ടക്ടര്‍ക്ക് പുറമെ ഡ്രൈവറും ചില യാത്രക്കാരും തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. |