|
പ്രൈവറ്റ് ജെറ്റ് വാടകയ്ക്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം നേരിട്ട് ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിനായി ഇതുവരെ ഏകദേശം 6,90,000 ഡോളറോളമാണ് അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ചിരിക്കുന്നത്.
ഒഹായോയിലെ നഗരങ്ങള്‍ക്കിടയിലുള്ള ഹ്രസ്വയാത്രകള്‍ക്കുപോലും സ്വകാര്യ വിമാനം ഉപയോഗിച്ചതാണ് പ്രത്യേകിച്ച് വിവാദമായത്. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുന്നതിന് പകരം ജെറ്റില്‍ പറക്കുന്നത് ഒഴിവാക്കണമെന്നും ബ്രൗണ്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ നിക്ക് ഒവന്‍സ് ആവശ്യപ്പെട്ടു.
ചെലവുകളുടെ കണക്ക്: ജൂണ്‍ അവസാനം വരെയുള്ള കണക്കുപ്രകാരം 'വി ലീസിങ്' എന്ന കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ ലീസിനെടുത്ത വകയില്‍ 560,000 ഡോളറോളമാണ് ചെലവഴിച്ചത്. ഇതിനുപുറമെ യൂട്ടാ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിക്ക് 130,000 ഡോളറോളവും നല്‍കിയിട്ടുണ്ട്. തന്റെ ഗവര്‍ണര്‍ ക്യാമ്പയിനായി 25 ദശലക്ഷം ഡോളറിലധികം വിവേക് രാമസ്വാമി വ്യക്തിപരമായി വായ്പ നല്‍കിയിട്ടുമുണ്ട്. |