|
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രകടനത്തിനുനേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് കല്ലേറുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ തീപ്പന്തം എറിയുകയും സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ്, കണ്ണീര്‍വാതക പ്രയോഗവും നടത്തി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
മാര്‍ച്ച് തുടങ്ങുന്നതിന് മുന്നോടിയായി കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിനില്‍ക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ കോളേജ് ഹോസ്റ്റല്‍ കോമ്പൗണ്ടില്‍നിന്ന് കല്ലും ബിയര്‍ കുപ്പികളും ഉള്‍പ്പെടെയുള്ളവ എറിഞ്ഞു. കല്ലേറുണ്ടായതോടെ മാര്‍ച്ചിനായി കരുതിയിരുന്ന പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസും പ്രത്യാക്രമണം നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. |