|
ലണ്ടന്‍ : ഇംഗ്ലീഷുകാരി തായ്‌ലന്‍ഡ് ജയിലില്‍ പീഡനം അനുഭവിച്ചത് 30 മണിക്കൂര്‍. പാസ്‌പോര്‍ട്ടിലെ ഒരു പേജ് അപ്രത്യക്ഷമായതാണ് ഇവര്‍ ചെയ്ത കുറ്റം. ഇന്തോനേഷ്യയിലേക്കു നാടുകടത്താന്‍ വരെ അധികൃതര്‍ ആലോചിച്ചിരുന്നുവത്രെ. ഡെര്‍ബിഷെയറിലെ ചെസ്റ്റര്‍ഫീല്‍ഡില്‍നിന്നുള്ള ഫ്രാന്‍സിസ്‌ക സോള്‍ട്ടിനാണ് ഈ ദുരവസ്ഥ.
ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണു ഇവരെ പാര്‍പ്പിച്ചിരുന്നത്. പക്ഷേ, ഫലത്തില്‍ ഇതു ജയില്‍ തന്നെയായിരുന്നു. ഭക്ഷണം കിട്ടാന്‍ ഗാര്‍ഡുമാര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നു. പുരുഷന്‍മാരോടൊപ്പം ഒരേ സെല്ലിലാണ് കിടത്തിയതെന്നും ഫ്രാന്‍സിസ്‌ക പറയുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകളും പുരുഷന്‍മാരുമുണ്ടായിരുന്നു സെല്ലില്‍. അതിലെ താമസം സ്വന്തം ചെലവില്‍. ഇത്ര ഭീകരമായ അഴിമതി മറ്റൊരിടത്തും കണ്ടിട്ടില്ലെന്നു ഫ്രാന്‍സിസ്‌ക പറഞ്ഞു. തായ്‌ലന്‍ഡില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഈ ഇരുപത്തിരണ്ടുകാരി.
ഇന്തോനേഷ്യയിലേക്കുള്ള ഒരു യാത്രയ്ക്കു ശേഷം തിരിച്ചുവരുമ്പോഴാണ് ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുന്നത്. പാസ്‌പോര്‍ട്ടില്‍ ഒരു പേജ് കാണാനില്ലാതിരുന്നതിനെത്തുടര്‍ന്ന് നേരേ എയര്‍പോര്‍ട്ടിലെ ഡിറ്റന്‍ഷന്‍ സെന്ററിലാക്കി. ഇന്തോനേഷ്യയിലേക്കു നാടു കടത്തി, രണ്ടാഴ്ചയെങ്കിലും തടവിനു ശിക്ഷിക്കുമെന്നായിരുന്നു ഭീഷണി.
ഒടുവില്‍ ഫ്രാന്‍സിസ്‌കയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന കമ്പനി വഴി ശ്രമിച്ചാണ് മോചനം സാധ്യമാക്കിയത്. എന്നാല്‍, മോചിപ്പിച്ച ശേഷവും സ്വതന്ത്രയാക്കിയില്ല. നേരേ വിമാനത്താവളത്തില്‍ കൊണ്ടു പോയി യുകെയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. ഏതായാലും ഇന്തോനേഷ്യയിലേക്കു നാടുകടത്തപ്പെട്ട് ജയിലില്‍ കിടക്കുന്നതിലും ഭേദം ഇതു തന്നെയെന്ന് ഫ്രാന്‍സിസ്‌ക പറഞ്ഞു. |