|
ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയായി ബ്രിട്ടണ്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റുഡന്റ് വിസയ്ക്കു 1900 ബാങ്കുകള്‍ നല്‍കുന്ന ഫിനാഷ്യല്‍ സ്റ്റേറ്റ്‌മെന്റ് സ്വീകാര്യമല്ലെന്നു ബ്രിട്ടണിലെ ഹോം ഓഫിസ് അറിയിച്ചു. 85 ബാങ്കുകളുടെ സ്റ്റേറ്റ്‌മെന്റ് മാത്രമേ ഇനി മുതല്‍ അംഗീകരിക്കു. ടിയര്‍ 4 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ബ്രിട്ടണില്‍ താമസിക്കാനും പഠിക്കാനും ആവശ്യമായ തുക തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ പട്ടിക പ്രകാരം 1900 ബാങ്കുകളെ ഇതില്‍ നിന്നൊഴിവാക്കി. നവംബര്‍ 24 മുതലാണു നിയമം പ്രാബല്യത്തിലാകുന്നത്.
ഇന്ത്യയിലെ സഹകരണ, ഷെഡ്യൂള്‍ഡ്, നോണ്‍ ഷെഡ്യൂള്‍ഡ്, അര്‍ബണ്‍ സഹകരണ ബാങ്കുകളുടെ സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കേണ്ടന്നാണു തീരുമാനം. രാജ്യാന്തര ബാങ്കുകളോ ബ്രിട്ടീഷ് ബാങ്കുകളുമായി ഇടപാടുള്ള ദേശീയ ബാങ്കുകളോ കോര്‍ ബാങ്കിങ് സംവിധാനമുള്ള ദേശീയ സംസ്ഥാന ബാങ്കുകളോ നല്‍കുന്ന സാക്ഷ്യപാത്രം മാത്രം അംഗീകരിക്കും. പുതിയ പട്ടിക പരിശോധിച്ചു അംഗീകൃതമല്ലാത്ത ബാങ്കുകളില്‍ അക്കൗണ്ടുള്ള വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് തുറക്കണം. അപേക്ഷകര്‍ക്കു മതിയായ നിക്ഷേപമുണ്ടോ എന്നു പരിശോധിക്കാനുള്ള സൗകര്യാര്‍ത്ഥമാണ് ബാങ്കുകളുടെ എണ്ണം കുറച്ചതെന്നാണു സര്‍ക്കാര്‍ ഭാഷ്യം. വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് മാറാന്‍ 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇനി മുതല്‍ ഇതിന്റെ അടിസ്ഥാനത്തിലാകും അപേക്ഷകള്‍ പരിശോധിക്കുക. പരിശോധന സമയത്തു കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണു ബാങ്കുകളെ ഒഴിവാക്കിയതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പല സ്ഥാപനങ്ങളുമായും ബന്ധപ്പെടാന്‍ സാധിക്കിറില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. |