|
ലണ്ടന്‍ : കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നതില്‍നിന്ന് 470 കോളെജുകളെ തടഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. ഇമിഗ്രേഷന്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിത് .
ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുകയോ, പുതിയ ഇന്‍സ്‌പെക്ഷന്‍ രീതി അംഗീകരിച്ച് ഒപ്പിടുകയോ ചെയ്യാത്ത കോളജുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ഹോം ഓഫീസ് അറിയിച്ചു. ഏകദേശം 11,000 വിദേശ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഈ കോളജുകളില്‍ പഠിക്കുന്നുണ്ട്. ഇവരുടെ തുടര്‍ പഠനത്തിനു തടസമുണ്ടാകില്ല.
സംവിധാനങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. ഈ വര്‍ഷം ആദ്യമാണ് സ്റ്റുഡന്റ് വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. സ്വകാര്യ കോളജുകള്‍ ലാംഗ്വേജ്, വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്തുന്നതു തടയുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
പല കോളജുകളും അനധികൃത തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് വിദ്യാര്‍ഥികളായി ചമഞ്ഞ് ജോലി ചെയ്യാനുള്ള അവസരമാണ് ഇവ ഒരുക്കിക്കൊടുക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ തടയാനുദ്ദേശിച്ചുള്ളതാണ് പുതിയ നിയന്ത്രണങ്ങള്‍.
ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണ്. കോഴ്‌സുകള്‍ വിശ്വസ്തമാണെന്നും കോളജ് മേധാവികള്‍ ഇമിഗ്രേഷന്‍, വിസ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഇവ ലംഘിച്ച 302 കോളജുകളുടെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. |