|
ലണ്ടന്‍ : യോഗ്യതാ പരീക്ഷയുടെ ഫലം വന്ന ശേഷം മാത്രം യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അപേക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് ഒരു പടി കൂടി പുരോഗതി. പ്രവേശന സമ്പ്രദായം മാറ്റുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണിത്. നിലവിലുള്ള സംവിധാനം ഏറെ സങ്കീര്‍ണവും നടപ്പാക്കാന്‍ ബുദ്ധിമുട്ടേറിയതുമാണെന്ന് യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍ സര്‍വീസ് വാദിക്കുന്നു. ഇതാണ് പുതിയ സമ്പ്രദായം നിര്‍ദേശിക്കാന്‍ കാരണം.
പിന്നാക്കമായ വിദ്യാര്‍ഥികള്‍ക്ക് പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് യുകാസ് വാദിക്കുന്നു. എന്നാല്‍, ഇതു നടപ്പാകണമെങ്കില്‍ എ ലെവല്‍ പരീക്ഷകള്‍ ഇപ്പോഴത്തേതിനെ അപേക്ഷിച്ച് രണ്ടാഴ്ച നേരത്തേ നടത്തേണ്ടി വരും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നിലവിലുള്ള സമ്പ്രദായത്തിനു കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് യുകാസ് വിലയിരുത്തുന്നത്. പ്രവേശന നടപടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ചാരിറ്റിയാണ് യുകാസ്.
ഇപ്പോള്‍ ജനുവരി മധ്യത്തോടെ തന്നെ വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നുണ്ട്. അതായത്, പരീക്ഷ എഴുതുന്നതിനു മാസങ്ങള്‍ക്കു മുന്‍പ്. അഞ്ചു കോഴ്‌സുകള്‍ക്കു വരെ ഇത്തരത്തില്‍ അപേക്ഷിക്കുന്നതു പതിവാണ്. പ്രെഡിക്റ്റഡ് ഗ്രേഡ്, പെഴ്‌സനല്‍ സ്‌റ്റേറ്റ്‌മെന്റ്, അധ്യാപകരുടെ റഫറന്‍സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ അപേക്ഷകള്‍ സമര്‍പ്പിക്കുക.
ഇവ പരിഗണിച്ച് യൂണിവേഴ്‌സിറ്റികള്‍ കണ്ടീഷണല്‍ ഓഫര്‍ നല്‍കും. യഥാര്‍ഥ പരീക്ഷാ ഫലമനുസരിച്ച് ഓഫര്‍ നിലനിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്യും. ഓഗസ്റ്റിലെ മൂന്നാമത്തെ വ്യാഴാഴ്ച മാത്രമാണ് സാധാരണഗതിയില്‍ ഫലം പ്രഖ്യാപിക്കുക. ഈ പ്രക്രിയ അതി സങ്കീര്‍ണമാണെന്നും, ഫലം വരുമ്പോള്‍ അതനുസരിച്ചു മാത്രം വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ച് പ്രവശനം നേടുന്ന ലളിതമായ രീതി സ്വീകരിക്കണമെന്നുമാണ് യുകാസ്് ശുപാര്‍ശ ചെയ്യുന്നത്. |