|
ലണ്ടന്‍ : വിവാഹിതരാവാതെ ഒന്നിച്ചു കഴിയുന്നവര്‍ വേര്‍പിരിഞ്ഞ ശേഷം പാതി സ്വത്ത് വേണമെന്ന് ആവശ്യപ്പെട്ടാല്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് കോടതി. ലിയോനാര്‍ഡ് കേമോട്ടും പാട്രിക്ക ജോണ്‍സും തമ്മില്‍ നടന്ന കേസിലാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്. ലിവിങ് ടുഗതറായി കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണിത്.
വിവാഹം കഴിക്കാത ഒന്നിച്ചു കഴിയുകയായിരുന്ന ലിയോനാര്‍ഡ് കേമോട്ടും പാട്രിക്ക ജോണ്‍സും 1985 ഇരുവരുടെയും പേരിലായി ഒരു വീട് വാങ്ങി. ഇതിന്റെ ലോണ്‍ ഇരുവരും ചേര്‍ത്ത് അടച്ചു തുടങ്ങിയെങ്കിലും ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ കേമോട്ട്, പാട്രിക്കയെ വിട്ടു പോയി. ഇരുവരും പിരിയുന്നതുവരെ ഒരു മിച്ചാണ് ലോണ്‍ അടച്ചിരുന്നതെങ്കിലും പിന്നീട് കേമോട്ട് പിന്‍മാറി. എന്നാല്‍, ഇതിനിടെ പാട്രിക്ക ലോണ്‍ അടച്ചു തീര്‍ക്കുകയും ചെയ്തു.
2008 ല്‍ വീടിനു വില 240,000 പൗണ്ടെത്തിയ സമയത്താണ് തനിക്കും ഇതിന്റെ പങ്കുവേണമെന്ന് ആവശ്യപ്പെട്ട് കേമോട്ട് കേസ് ഫയല്‍ ചെയ്യുന്നത്. കീഴ്‌കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേമോട്ടിന് 50 ശതമാനം ഷെയര്‍ നല്‍കണമെന്ന് വിധിച്ചു. എന്നാല്‍, ഇതിനെതിരേ പാട്രിക്ക പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വിശദമായ വാദം കേട്ട കോടതി കേമോട്ട് മുടക്കിയ പണത്തിനു തുല്യമായ 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്നു അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു.
വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുന്നവര്‍ക്കിടയില്‍ ഏറെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന വിധിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.കാരണം ഒന്നിച്ച് സൗഹൃദത്തോടെയും പങ്കാളിത്തത്തോടെയും വാങ്ങുന്ന പല വസ്തുക്കളും പിരിഞ്ഞ ശേഷം പങ്കിട്ടെടുക്കുന്നതില്‍ തര്‍ക്കമുണ്ടാകുന്നത് പതിവാണ്. പരമോന്നത കോടതിയുടെ ഇത്തരത്തിലൊരു വിധിയുണ്ടാകുമ്പോള്‍ ഇതിനെ അടിസ്ഥാനമാക്കിയാകും ഇത്തരം കേസില്‍ തുടര്‍വിധികള്‍ ഉണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നു |