|
ലണ്ടന്‍ : ഈ വേനല്‍ക്കാലത്തു വിവിധ എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് പരിശോധനയില്‍ 2500 തവണയോളം യുകെ ബോര്‍ഡര്‍ ഏജന്‍സി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട് . ഏജന്‍സിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നു . ഇതില്‍ നിന്നുമാണ് കണക്കുകള്‍ പുറത്തുവന്നത്. സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തവരുടെ പാസ്‌പോര്‍ട്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയില്ല. ഇവരിലാരെങ്കിലും തീവ്രവാദി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചില്ല.
ഡല്‍ഹാം ടീസ് വാലി എയര്‍പോര്‍ട്ടിലെ യുകെബിഎ ഉദ്യോഗസ്ഥന്‍ അയച്ച ഇ-മെയില്‍ സന്ദേശം ഇപ്രകാരമാണ്.
' സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധന നടത്താന്‍ തങ്ങളെ അനുവദിക്കുന്നില്ല. ഇതു വളരെ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും. നാം വിചാരിക്കുന്ന രീതിയില്‍ നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കില്ല. ഈ തീരുമാനത്തെ നിതീകരിക്കാന്‍ തക്ക കാരണങ്ങളില്ലെന്നും ' അദ്ദേഹം അറിയിച്ചു. ഇതിനു ലഭിച്ച മറുപടി ഇ-മെയിലും ചോര്‍ന്നിരുന്നു. മാനെജരാണു മറുപടി അയച്ചത്. അത് പ്രകാരം. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും ബോര്‍ഡര്‍ ഏജന്‍സി നടപ്പാക്കിയ നയമാണിതെന്നു അദ്ദേഹം പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകള്‍ ആഭ്യന്തര സെക്രട്ടറി തെരേസ മേയുടെ മേല്‍ സമര്‍ദ്ദം കൂട്ടിയിരിക്കുകയാണ്. ബോര്‍ഡര്‍ ഏജന്‍സി മുന്‍ മേധാവി ബ്രോഡി ക്ലാര്‍ക്കിനെ ഇന്ന് എംപിമാരും ആഭ്യന്തര മന്ത്രാലയ കമ്മിറ്റിയും ചോദ്യം ചെയ്യും. ബയോമെട്രിക് പാസ്‌പോര്‍ട്ട് പരിശോധനയില്‍ ഇളവ് നല്‍കിയതിനും യൂറോപ്യന്‍ യൂണിയനിനു പുറത്തുള്ള യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാതിരുന്നതിനും ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നു ക്ലാര്‍ക്ക് രാജിവച്ചു. രാജ്യത്തെ 28 തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയതായി മേയ് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചു. ജൂലൈ മുതല്‍ നവംബര്‍ വരെയാണു പദ്ധതി നടപ്പാക്കിയത്. ആദ്യയാഴ്ചയില്‍ നൂറു തവണയും ആറാമത്തെ ആഴ്ചയില്‍ 260 തവണയും ഒമ്പതാം ആഴ്ചയില്‍ 165 തവണയും ഇളവ് നല്‍കി. 14 ആഴ്ച പദ്ധതി നടപ്പാക്കിയെന്നാണു കണക്ക്. ഇതു പ്രകാരം 2450 തവണയാണു ഫുള്‍ ബയോമെട്രിക് പാസ്‌പോര്‍ട്ട് പരിശോധനയില്‍ ഇളവ് നല്‍കിയത്.
വേനല്‍കാലത്തു ഓരോ ആഴ്ചയിലും ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 2.2 മില്യണ്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരും മൂന്നു ലക്ഷം യൂണിയനു പുറത്തുള്ളവരും യാത്ര ചെയ്തുവെന്നാണു കണക്ക്. ഓരോ വര്‍ഷവും 80,000 മുതല്‍ 90,000 വരെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്നു. സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ പൈലറ്റ് സൂക്ഷിക്കും. സുരക്ഷാകാരണങ്ങളാലാണിത്. പൈലറ്റുമാരുടെ കൈവശം ഉള്ള വിവരങ്ങളും വിമാനത്തില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും ഒത്തുനോക്കാന്‍ സാധിക്കാറില്ലെന്നും ഡര്‍ഹാം ടീസ് ഉദ്യോഗസ്ഥന്‍ അയച്ച ഇ-മെയിലില്‍ പറയുന്നു. യാത്രക്കാരുടെ എണ്ണം കൃത്യമാണോ എന്നു പോലും പരിശോധിക്കാന്‍ സാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണു പരിശോധന വേണ്ടെന്നു വച്ചതെന്നാണു ഏജന്‍സിയുടെ ഭാഷ്യം. വേനല്‍ക്കാലത്തു എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുമെന്നു ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യ വിമാനങ്ങളില്‍ എത്തുന്നവരെ പോലും പരിശോധിച്ചിട്ടില്ലെന്നു ഷാഡോ ആഭ്യന്തര സെക്രട്ടറി വീറ്റെ കൂപ്പര്‍ വ്യക്തമാക്കി |