|
ലണ്ടന്‍ : രാജ്യത്തേക്കു കുടിയേറുന്നവര്‍ക്കു പങ്കാളികളെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇവരുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയ്ക്കാനാണു സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയായ കുടിയേറ്റം കുറയ്ക്കുകയാണു ലക്ഷ്യം. സര്‍ക്കാര്‍ ഇമിഗ്രേഷന്‍ അഡൈ്വസേഴ്‌സ് ഇതു സംബന്ധിച്ച ശുപാര്‍ശ മുന്നോട്ടുവച്ചു. ഭാര്യമാരെ കൊണ്ടുവരാന്‍ വേണ്ട ശരാശരി ശമ്പളത്തിന്റെ പരിധി ഇരട്ടിയാക്കാനാണ് ആലോചന. ഇതോടെ രാജ്യത്തെ പകുതിയിലധികം വിദേശികള്‍ക്കും അവരുടെ പങ്കാളിയെ കൊണ്ടുവരാന്‍ സാധിക്കാതെ വരും. ഇപ്പോള്‍ 13,700 പൗണ്ട് ശമ്പളം ഉള്ളവര്‍ക്കു ഭാര്യമാരെ കൊണ്ടുവരാം. ഇതു 18,600 25,700 പൗണ്ടായി വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പ്രഫസര്‍ ഡേവിഡ് മെറ്റ്കാഫാണ് ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ വര്‍ഷം 40,000 വിദേശ പങ്കാളികള്‍ക്കാണു യുകെ വിസ ലഭിച്ചത് . എന്നാല്‍ ഇതില്‍ 63 ശതമാനം കുറവ് വരുത്താനാണു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിയമം അനുസരിച്ചാല്‍ മാത്രമെ ഇവര്‍ക്കു പല ആനുകൂല്യങ്ങളും ലഭിക്കു. ഇത്തരം ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ രാജ്യത്തു സുഖമായി താമസിക്കാന്‍ കഴിയുകയുള്ളൂ.
ബ്രിട്ടണിന്റെ റൈറ്റ് ടു ഫാമിലി ലൈഫിനെ ഇതു ഒരിക്കലും ദോഷകരമായി ബാധിക്കില്ലെന്നു മെറ്റ്കാഫ് പറഞ്ഞു. വിദേശത്തു നിന്നുവരുന്ന പങ്കാളികള്‍ക്കു വന്‍ തുക സര്‍ക്കാര്‍ അനുകൂല്യം വഴി ലഭിക്കുന്നുണ്ട് . ഇതു സര്‍ക്കാരിനു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതു കുറയ്ക്കുകയെന്നതും ലക്ഷ്യമാണ് . യൂറോപ്യണ്‍ യൂണിയനു പുറത്തു നിന്ന് ഏറ്റവുമധികം ആളുകള്‍ എത്തുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് . യുഎസില്‍ നിന്ന് ആറും നേപ്പാളില്‍ നിന്ന് അഞ്ചു ശതമാനവും ആളുകള്‍ എത്തുന്നു. ശുപാര്‍ശയോടു സര്‍ക്കാര്‍ അനുകൂല പ്രതികരണമാണു നടത്തിയത് . എന്നാല്‍ കോടതിയില്‍ ഇതു ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് . ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇത്തരം നിയമം അനിവാര്യമാണെന്നു വിദഗ്ധര്‍ വ്യക്തമാക്കി . |