|
ലണ്ടന്‍ : നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശ കുറ്റവാളികള്‍ കുടുംബ നിയമം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി ഹോം ഓഫിസ് . നാടുകടത്തല്‍ നടപടി നേരിടുന്നതിനാല്‍ കുറ്റവാളികള്‍ രാജ്യത്തു കുടുംബം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് . ഇവരില്‍ പലര്‍ക്കും കുടുംബവും കുട്ടികളും ആയതായി അധികൃതര്‍ അറിയിച്ചു . ഇതോടെ ഇവരെ നാടുകടത്താനുള്ള ശ്രമം പരാജയപ്പെടും . ആദ്യമായാണു സര്‍ക്കാര്‍ ഇക്കാര്യം സമ്മതിക്കുന്നത് . ബ്രിട്ടണില്‍ താമസിക്കാന്‍ വേണ്ടിയാണു ഇവരില്‍ ഭൂരിഭാഗവും കുടുംബം ഉണ്ടാക്കുന്നത് . ഇതോടെ രാജ്യത്തെ ഹ്യൂമന്‍ റൈറ്റ് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായി . പൊതുസമൂഹത്തിനു ഭീഷണിയായ വിദേശികളെ പോലും പുറത്താക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാജ്യത്തു ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച തീവ്രവാദികളെ പോലും ഇക്കാരണത്താല്‍ നാടുകടത്താന്‍ കഴിയാതെ വന്നിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച വിദേശകളെ നാടുകടത്താന്‍ നിയമമുണ്ട് . എന്നാല്‍ ഇവര്‍ക്കു കുടുംബവും കുട്ടികളും ഉണ്ടെങ്കില്‍ ഇതിനു സാധിക്കില്ല. ആര്‍ട്ടിക്കിള്‍ എട്ട് പ്രകാരമാണിത് . കുടുംബത്തില്‍ നിന്ന് ഇവരെ അകറ്റാന്‍ പാടില്ലെന്നാണു നിയമം. ഈ സാഹചര്യത്തിലാണു നിയമം ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. കുടുംബത്തെക്കാള്‍ വലുത് രാജ്യ സുരക്ഷയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
മയക്കുമരുന്ന് , തീവ്രവാദം, കൊലപാതകം തുടങ്ങി വന്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി പേരാണു രാജ്യത്ത് ഇത്തരത്തില്‍ തങ്ങുന്നത്. ഇതു വന്‍ ഭീഷണിയാണു ഉണ്ടാക്കുന്നത്. മനുഷ്യാവകാശ നിയമം മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. കുടിയേറ്റ നിയമം ഭേദഗതി ചെയ്യുന്നതു പോലെ ഈ നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നു സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. |