|
ലണ്ടന്‍ : മയക്കുമരുന്ന്, ആയുധക്കടത്ത് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആന്‍ഡ്രൂ ജയിംസിനെ രാജ്യത്തു തങ്ങാന്‍ കോടതി അനുവാദം നല്‍കി. മുനുഷ്യാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. 2007 ലാണ് ഇയാളെ അഞ്ചു കൊല്ലം തടവിനു ശിക്ഷിച്ചത്. തുടര്‍ന്നു ജമൈക്കയിലേക്കു നാടുകടത്താന്‍ ഉത്തരവായി.
റിവോള്‍വര്‍ , മറ്റു ആയുധങ്ങള്‍ , മയക്കുമരുന്നുകള്‍ എന്നിവ കൈകാര്യം ചെയ്തതിനാണു ശിക്ഷ. എന്നാല്‍ ബ്രിട്ടണില്‍ തനിക്കു രണ്ടു കുട്ടികള്‍ ഉണ്ടെന്നും നാടുകടത്തിയാലും മടങ്ങി വരേണ്ടി വരുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. ഇക്കാരണത്താലാണു രാജ്യത്തു തുടരാന്‍ കോടതി ഉത്തരവിട്ടത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിച്ചവരെ നാടുകടത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. പുതിയ വിധിയോടെ മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായി.
ഈ നിയമം ദുരുപയോഗം ചെയ്തു നിരവധി കുറ്റവാളികള്‍ രാജ്യത്തു തങ്ങുകയാണ്. രാജ്യത്തിനെതിരേ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവര്‍ പോലും ഇപ്പോള്‍ ഇതിന്റെ ആനുകൂല്യത്തില്‍ ബ്രിട്ടണില്‍ തങ്ങുന്നു. ജമൈക്കയിലേക്കു മടങ്ങിപ്പോയാല്‍ താന്‍ വന്‍ കുറ്റവാളിയായി മാറും. തന്റെ കുടുംബവുമായി പിരിയുന്നതാണു ഇതിനു കാരണം. ഇക്കാരണത്താലാണു ട്രിബ്യൂണല്‍ ജഡ്ജി പീറ്റര്‍ കിങ്, ഡെപ്യൂട്ടി ഡേവിഡ് ഗരറ്റ് എന്നിവര്‍ ആന്‍ഡ്രൂവിനെ രാജ്യത്തു തങ്ങാന്‍ അനുവാദം നല്‍കിയത്.
1999 ലാണു ആന്‍ഡ്രൂ ബ്രിട്ടണില്‍ എത്തിയത്. വിസിറ്റിങ് വിസയിലായിരുന്നു പ്രവേശനം. തുടര്‍ന്ന് ഇവിടെ സ്ഥിരതാമസമായി. ഇയാള്‍ക്കു പിന്നാലെ അച്ഛന്‍, രണ്ടാനമ്മ എന്നിവരും ബ്രിട്ടണിലെത്തി സ്ഥിരതാമസമാക്കി. കാമുകി വിക്‌റ്റോറിയ മാക് ലീനിലാണ് ഇയാള്‍ക്കു രണ്ടു കുട്ടികള്‍ ഉള്ളത്. ഇതോടെ ആന്‍ഡ്രുവിനെ നോട്ടിങ്ഹാമിലെ സിന്‍ഡെര്‍ഹില്ലില്‍ താമസം തുടരാം. |