|
ലണ്ടന്‍ : നിയമപരമായി എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഏറ്റവും ഉത്തമ മാര്‍ഗമാണ് രജിസ്റ്റര്‍ ഓഫിസ് വിവാഹം. ഇപ്പോള്‍ ഇത്തരം വിവാഹങ്ങളുടെ എണ്ണം കൂടിയിട്ടുമുണ്ട്. എന്നാല്‍ , ഈ നടക്കുന്ന വിവാഹങ്ങളെല്ലാം യഥാര്‍ഥമാണോ. അല്ലെന്നാണ് കണ്ടെത്തല്‍ . രജിസ്റ്റര്‍ ഓഫീസില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ലീഡ്‌സ് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹത്തിനുള്ള 78 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ഇമിഗ്രേഷന്‍ ഓഫീസേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ 30 എണ്ണത്തോളം വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇമിഗ്രേഷന്‍ ഓഫീസേഴ്‌സ് കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ് ഇവരില്‍ പലരും നിശ്ചയിച്ച ദിവസം രജിസ്റ്റര്‍ ഓഫീസില്‍ എത്തിപോലുമില്ല. ഹോം ഓഫീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വ്യാജവിവാഹങ്ങള്‍ ഇരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ട്. വിവാഹിതര്‍ക്ക് ബ്രിട്ടനില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് നേടിയെടുക്കുന്നതിനാണ് ഇത്തരം വിവാഹത്തിനു തയാറാകുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുടിയേറ്റം സാധൂകരിക്കുന്നതിനും നിയമപരിരക്ഷ ലഭിക്കുന്നതിനും വേണ്ടി ഇത്തരം വ്യാജ വിവാഹങ്ങള്‍ക്ക് തയാറാകാറുണ്ട്. ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങളില്‍ വധുവോ വരനോ ആരെങ്കിലും ഒരാള്‍ യുകെ പൗരനാണെങ്കില്‍ ഇമിഗ്രേഷന്‍ വിഭാഗവും ഹോം ഓഫീസ് വിഭാഗവും കര്‍ശന പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്.യുകെബിഎ അധികൃതരാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം തീയതി നിശ്ചയിച്ച വിവാഹങ്ങളില്‍ വ്യാജമെന്നു കണ്ടെത്തിയ നാലുപേരെ അറസ്റ്റ് ചെയ്തു. ഏഴു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജൂലൈയില്‍ പരിശോധന ശക്തമാക്കിയപ്പോള്‍ 27 ഓളം വിവാഹങ്ങള്‍ വേണ്ടെന്നു വെച്ചുവെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വന്‍ സംഘമാണ് ഇത്തരത്തിലുള്ള വ്യാജ വിവാഹങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒമ്പതു മാസത്തിനിടെ വ്യാജ വിവാഹത്തിനു ശ്രമിച്ച 155 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് വികാരിമാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ശരിയായ അന്വേഷണം നടത്തിയ ശേഷം മാത്രമേ വിവാഹം നടത്താവു എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വ്യാജ വിവാഹമാണെന്നു സംശയം തോന്നിയാല്‍ ഇമിഗ്രേഷന്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇപ്പോള്‍ വ്യജ വിവാഹങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിക്കു ശ്രമിക്കുകയാണ് യുകെ സര്‍ക്കാര്‍ . |