|
ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ ലണ്ടനില്‍ എത്തിയ മലയാളി യുവാവ് അറുപതോളം വിദ്യാര്‍ത്ഥികളെ പറ്റിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട് .ഒന്നരക്കോടി രൂപ വിദ്യാര്‍ത്ഥികളെ പറ്റിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത് . തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി സ്വദേശിയായ വിഷ്ണുദാസിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത് . ഇനിയും ഇത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ആളുടെ ചിത്രം സഹിതം യുട്യൂബ് വീഡിയോ ഉണ്ടാക്കി പ്രചരണം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ സംഭവത്തോട് പ്രതികരിച്ചത് . തട്ടിപ്പിനിരയായ ഫഹദ് മായന്‍ എന്നൊരു മലയാളി വിദ്യാര്‍ത്ഥിയാണ് യൂട്യൂബ് വീഡിയോ തയ്യാറാക്കിയത് .
ലണ്ടനിലെ ഒരു ഹോട്ടലില്‍ വര്‍ക്ക് പെര്‍മിറ്റ് സംഘടിപ്പിച്ചു തരാം എന്നു പറഞ്ഞ് ഒന്നരലക്ഷം രൂപമുതല്‍ മൂന്നു ലക്ഷം രൂപവരെ വിഷ്ണുദാസ് പിരിച്ചെടുത്തെന്നാണ് പരാതി.ജോലി വാഗ്ദാനം ചെയ്ത് മിക്കവരുടെയും പാസ്‌പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു .എന്നാല്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴേക്കും വിഷ്ണുദാസ് കേരളത്തിലേക്ക് മുങ്ങി .
തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. വിഷ്ണുനാഥിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കണമെന്ന് വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി നേതാക്കളോട് ആവശ്യപ്പെട്ടു. ഈസ്റ്റ് ഹാമില്‍ പലയിടങ്ങളിലായി താമസിച്ചിരുന്ന വിഷ്ണുനാഥ് തന്റെ പിതാവെന്നു പരിചയപ്പെടുത്തിയ ഗിരീഷ്‌കുമാര്‍ എന്ന മലയാളിയുമായി ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് ആരോപണം. താന്‍ ജോലി ചെയ്യുന്ന ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് അടക്കം മൂന്നുലക്ഷത്തോളം രൂപ ശമ്പളത്തില്‍ ജോലി വാങ്ങിനല്‍കാമെന്നു വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളില്‍നിന്നു വിഷ്ണുനാഥ് പണപ്പിരിവ് നടത്തിയത്.ഒന്നരലക്ഷം രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെ പലരില്‍നിന്നും വാങ്ങിയിട്ടുണ്ട്.ഇയാളുടെ താമസസ്ഥലത്തെത്തിയ മലയാളികള്‍ക്ക് അറുപതോളം പേരുടെ പാസ്‌പോര്‍ട്ട് ഇവിടെനിന്നു കിട്ടി. ഇത് ഈസ്റ്റഹാം പോലീസിനു കൈമാറി. ഇരുപതോളം പേര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ കിട്ടി.ഏതായാലും സംഭവം ഗൗരവമായി പോലീസ് അന്വേഷിച്ച് തുടങ്ങി . കേരളത്തിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് . |