|
ലണ്ടന്‍ : യൂറോസ്റ്റാര്‍ ട്രെയ്ന്‍ ടിക്കറ്റുകള്‍ വ്യാപമാകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു വെളിപ്പെടുത്തല്‍ . ഉപയോഗിച്ച ടിക്കറ്റുകള്‍ പുനരുപയോഗിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്കു നുഴഞ്ഞു കയറുന്നു . ടിക്കറ്റിങ് സംവിധാനത്തിലെ ഗുരുതരമായ പഴുതാണ് ഇതിലൂടെ പുറത്തുവരുന്നത് .
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രസല്‍സില്‍ നിന്നു ലില്ലെയിലേക്കു ടിക്കറ്റെടുക്കുന്നവര്‍ക്ക് ലണ്ടന്‍ വരെ പോകാം. യാതൊരു വിധ പാസ്‌പോര്‍ട്ട് പരിശോധനകളും നേരിടാതെ അവിടെ തുടരുകയും ചെയ്യാം. 2001ല്‍ തന്നെ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നെങ്കിലും തടയാന്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .
കഴിഞ്ഞ ഏതാനും മാസങ്ങളായി തട്ടിപ്പ് കുതിച്ചുയര്‍ന്നിട്ടുണ്ട് . എന്നാല്‍ , ട്രെയ്‌നില്‍ കയറി പരിശോധന നടത്താന്‍ യുകെ അധികൃതരെ ബ്രസല്‍സ് പോലീസ് അനുവദിക്കുന്നില്ല . ബെല്‍ജിയത്തില്‍നിന്നു ഫ്രാന്‍സിലേക്കു പോകുന്ന യാത്രക്കാരെ ചോദ്യം ചെയ്യാന്‍ ബ്രിട്ടന് അധികാരമില്ലെന്നാണ് അവരുടെ വാദം .
മൂന്നു രാജ്യങ്ങളും ഷെങ്ഗന്‍ ഉടമ്പടി പ്രദേശത്തിനുള്ളിലായതിനാല്‍ ഇവിടെ യാത്ര ചെയ്യാന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്കെല്ലാം അവകാശമുണ്ടെന്നും ബെല്‍ജിയന്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച രണ്ട് ഇറാനിയന്‍ പൗരന്‍മാരെ ചോദ്യം ചെയ്യാന്‍ യുകെബിഎ നടത്തിയ ശ്രമം ബല്‍ജിയം തടയുകയും ചെയ്തിരുന്നു. |