|
ലണ്ടന്‍ : ഇന്ത്യയില്‍ നിന്നു വരുന്ന വിദേശികള്‍ക്ക് സിആര്‍ബി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അതാതു രാജ്യത്തുനിന്നും പോലീസ് ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് തേടണമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതിയ മാനദണ്ഡം അനുസരിച്ചുള്ള സിആര്‍ബി ചെക്കിംഗ് നടത്തണമെന്നുമുള്ള കമ്മിഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും.ഇതോടെ പ്രതിസന്ധിയിലാകുമെന്ന് ആശങ്കയിലാണ് മിക്ക മലയാളി നഴ്‌സുമാരും. നഴ്‌സുമാര്‍ക്കും ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനുമുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
സര്‍ക്കാരിന്റെ സ്വതന്ത്ര ഉപദേശക സുനിതാ മേസന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും റിവ്യൂ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള പഠനത്തിന്റെ ആദ്യ ഘട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. അടുത്ത ഘട്ടത്തില്‍ പത്തോളം പുതിയ നിര്‍ദേശങ്ങള്‍കൂടി കാണുമെന്നു കരുതുന്നു. ഇതിനു മുമ്പ് ഇവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും സര്‍ക്കാര്‍ അതേപടി അംഗീകരിച്ചിരുന്നു. സാമാന്യബുദ്ധിയുപയോഗിച്ചു നടത്തിയ പുനപരിശോധനയിലാണ് ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് പരിശോധിക്കാനുള്ള നിര്‍ദേശം സമര്‍പ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ റിവ്യൂവും മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങളുള്‍പ്പെടുത്തിയാണ് റിപ്പോര്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തേക്ക് എത്തുന്നവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിന് ഇപ്പോള്‍ നിലവിലുള്ള പരിശോധനകളെ മേസന്‍ വിമര്‍ശിച്ചു. നിലവില്‍ ഒരു മെയില്‍ നഴ്‌സിനേയോ മറ്റോ ജോലിക്കെടുക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ചു പരിശേധിക്കാറില്ലെന്നും സി.ആര്‍.ബി. റിപ്പോര്‍ട്ടിന്റെ ഭാഗം ഒഴിഞ്ഞുകിടക്കുകയാണ് പതിവെന്നും ഇവര്‍ പറഞ്ഞു. എന്തെങ്കിലും കുറ്റത്തിന്റെ പേരില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ പോലും ഇത് തൊഴിലുടമ അറിയാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരസ്പരം ക്രിമിനല്‍ ബാക്ഗ്രൗണ്ട് കൈമാറുന്ന കാര്യത്തില്‍ ഇപ്പോഴുള്ള രീതി മാറ്റണമെന്നും ഇവര്‍ പറഞ്ഞു |