|
ലണ്ടന്‍ : അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തി പിടികൂടി നാടുകടത്തിയ ശ്രീലങ്കന്‍ കുടുംബത്തെ ബ്രിട്ടനിലെത്തിക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ , ഇവര്‍ക്ക് 37,000 പൗണ്ട് നഷ്ടപരിഹാരവും നല്‍കണം. യു.കെയില്‍ അഭയംതേടിയയെത്തിയ അഞ്ചുപേരുള്‍പ്പെടുന്ന ശ്രീലങ്കന്‍ കുടുംബത്തെയാണ് 2006-ല്‍ പുറത്താക്കിയത്. ഇവരിപ്പോള്‍ ജര്‍മനിയിലാണ്. കുടുംബത്തിനു യു.കെയിലേക്കു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവസരമൊരുക്കണമെന്നാണ് ജഡ്ജി നിര്‍ദേശിച്ചിട്ടുള്ളത്. ഇവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഭര്‍ത്താവും മാനസികാരോഗ്യമുള്ള ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തെ ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നെന്നും ജഡ്ജി വിലയിരുത്തി .ആറുവര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് ഈ വിധി .കുടുംബത്തെ പുറത്താക്കുമ്പോള്‍ ഇവര്‍ക്കു നിയമപരമായി സഹായം തേടുന്നതിനുള്ള എല്ലാ അവസരങ്ങളും നിഷേധിച്ചെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി .
നോര്‍ത്തേണ്‍ ലണ്ടനിലെ വീട്ടില്‍ നിന്നാണ് 2006 ജനുവരി 10നു പുലര്‍ച്ചെ രണ്ടുമണിക്ക് ഇവരെ പിടികൂടുന്നത്. ഇതിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുടുംബത്തെ ജര്‍മനിയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറ്റി വിടുകയായിരുന്നു. ശ്രീലങ്കയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് ഇവര്‍ 1996-ല്‍ യുകെയിലെത്തിയത്. കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു നഷ്ടപരിഹാരമെന്ന നിലയില്‍ അച്ഛനും മകനും 4500 പൗണ്ട് വീതവും അമ്മയ്ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ആറായിരം പൗണ്ടുവീതവും നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ക്കു നഷ്ടപരിഹാരമായി പതിനായിരം പൗണ്ടും നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.എന്നാല്‍ , തിരികെയെത്തിയാലും ഇവര്‍ക്കു യു.കെയില്‍ തുടരാന്‍ കഴിയുമോ എന്ന കാര്യത്തിലും ചില ആശങ്കയുണ്ട് . |