|
ലണ്ടന്‍ : ബ്രിട്ടീഷ് പൗരന്മാരുടെ ഭാര്യക്കോ ഭര്‍ത്താവിനോ ഇംഗ്ലണ്ടിലേക്ക് Dependant spouse വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വേണമെന്ന നിയമത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസിലെ ജഡ്ജി ജസ്റ്റിന്‍ ബീറ്റ്‌സണ്‍ തള്ളിക്കളഞ്ഞു .ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ള ' chapti ' ദമ്പതിമാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത് .
റഷിദാ വാലി ചപ്തി ഇന്ത്യയില്‍ സ്ഥിരതാമസക്കാരിയായിരുന്ന ഒരു ബ്രിട്ടീഷ് ഓവര്‍സീസ് സിറ്റിസണ്‍ ആയിരുന്നു .അവരുടെ വിവാഹം 1973ലായിരുന്നു .ഈ വിവാഹത്തില്‍ അവര്‍ക്ക് ഏഴു മക്കളുണ്ട് .2006ല്‍ ചപ്തി ഗുജറാത്തില്‍ നിന്നും യുകെയിലെത്തി .28 ഫെബ്രുവരി 2007ല്‍ ബ്രിട്ടീഷ് സിറ്റിസണ്‍ ആയി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .ഇതിനു ശേഷം 2008ല്‍ ഭര്‍ത്താവിന് യു കെയില്‍ എത്തുന്നതിനുള്ള അപേക്ഷ നല്‍കി .ഈ അപേക്ഷ നിരസിക്കപ്പെട്ടു .ഇതിനെതിരെ നല്‍കിയ അപ്പീല്‍ ്അനുവദിക്കപ്പെട്ടെങ്കിലും അതിനെതിരെ ഹോം ഓഫീസ് അപ്പീല്‍ നല്‍കുകയുണ്ടായി .ഈ അവസരത്തില്‍ അപ്പീല്‍ പിന്‍വലിച്ച് നവംബര്‍ 2009 ല്‍ പുതിയ അപേക്ഷ നല്‍കി .ഈ അപേക്ഷയും നിരസിക്കപ്പെട്ടു .ഇതിനെതിരെ ചപ്തി ദമ്പതികള്‍ വീണ്ടും അപ്പീല്‍ നല്‍കി .ഈ അപ്പീല്‍ നിലനില്‍ക്കുമ്പോഴാണ് യു കെയില്‍ Dependant spouse ആയി വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വേണമെന്ന നിബന്ധന നിലവില്‍ വന്നത് .അപ്പീലും പരാജയം സംഭവിച്ചാല്‍ പുതിയ നിയമം തങ്ങളെ ബാധിക്കുമെന്നതിനാലാണ് ചാപ്തി ദമ്പതികള്‍ ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ഹര്‍ജി നല്‍കിയത് .
പുതിയ നിയമം തങ്ങളുടെ വിവാഹ ജീവിതത്തേയും വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാനുള്ള അവകാശത്തേയും ബാധിക്കും എന്നതിനാലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് .എന്നാല്‍ ഈ വാദഗതികളെ കോടതി തള്ളി .പുതിയ നിയമം വിവാഹം കഴിക്കാനുള്ള അവകാശത്തെ ഹനിക്കുന്നില്ലെന്നു കണ്ടെത്തിയ കോടതി അത് വിവാഹ ശേഷം ഒരുമിച്ചു താമസിക്കുന്നതിനെ ബാധിക്കുമെന്നു വിലയിരുത്തി .എന്നാല്‍ ഇംഗ്ലീഷ് സംസ്‌കാരത്തോട് ഇഴുകി ചേരുന്നതിനും പബ്ലിക് സര്‍വീസിനെ സംരക്ഷിക്കുന്നതിനും വേണ്ടി ഈ രീതിയിലുള്ള നിയമ പരിഷ്‌കാരം ഏര്‍പ്പെടുത്താമെന്ന് കണ്ടെത്തുകയായിരുന്നു .വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ചപ്തി ദമ്പതിമാരുടെ സോളിസിറ്റര്‍ അറിയിച്ചു . |