|
ലണ്ടന്‍ : സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന കുടിയേറ്റക്കാരുടെ കണക്ക് പ്രസിദ്ധീകരിച്ച ടോറി പാര്‍ട്ടി സര്‍ക്കാരിന് ലേബര്‍ പാര്‍ട്ടിയുടെ രൂക്ഷ വിമര്‍ശനം. 371,000 വിദേശ കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ . എന്നാല്‍ , ഇതിനെ വൃത്തികെട്ട നടപടിയെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത് .
ഇത്രയും പേര്‍ ആനുകൂല്യം പറ്റുന്നുണ്ടെന്നതു ശരിയായിരിക്കാം . എന്നാല്‍ , ഇതില്‍ രണ്ടു ശതമാനത്തോളം പേര്‍ മാത്രമാണ് അനധികൃതമായി ആനുകൂല്യം പറ്റുന്നത്. ഇവരുടെ എണ്ണം അയ്യായിരത്തോളം മാത്രമേ വരൂ എന്നും ലേബര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു .
ജോലിക്കോ പഠനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി ബ്രിട്ടനിലെത്തിയ ശേഷം പിന്നീട് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടിയവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ , ഇമിഗ്രേഷന്‍ സംവിധാനത്തിലെ കുത്തഴിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടാനാണ് ഈ കണക്ക് പുറത്തുവിട്ടതെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അവകാശപ്പെടുന്നു .
ഈ കുഴപ്പത്തിനൊക്കെ കാരണം മുന്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരാണെന്നും ഗ്രീന്‍ അടക്കമുള്ള മന്ത്രിമാര്‍ ആരോപിച്ചിരുന്നു. രാജ്യത്ത് ജോലി ചെയ്യുകയും ടാക്‌സ് അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട് . അതു ചെയ്യാത്തവരെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. |