|
ലണ്ടന്‍ : പണം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഭൂരിപക്ഷവും കുടിയേറ്റം നടത്തുന്നത് . ഇത്തരക്കാര്‍ക്കിടയിലും കഴിവുള്ളവരും ഇല്ലാത്തവും ഉണ്ടാവാം . ഇതില്‍ കഴിവില്ലാത്തവരെ പുറത്താക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴുള്ളത് .ജോലിചെയ്തു നല്ല വരുമാനം നേടാന്‍ കഴിയില്ലെങ്കില്‍ യൂറോപ്പുകാരല്ലാത്തവര്‍ക്കു ബ്രിട്ടനില്‍നിന്നു പടിയിറങ്ങേണ്ടി വന്നേക്കും. കുടിയേറ്റ വകുപ്പു മന്ത്രി ഡാമിയന്‍ ഗ്രീന്‍ ആണ് ഒരു പ്രസംഗത്തില്‍ ഈ സൂചന നല്‍കിയത് .
രണ്ടു നിര്‍ദേശങ്ങളാണു ഗവണ്‍മെന്റ് പരിഗണിക്കുന്നത് . ഒന്ന് : അഞ്ചു വര്‍ഷത്തെ താമസം അവസാനിക്കുമ്പോള്‍ വാര്‍ഷിക വരുമാനം 31,000 പൗണ്ട് എങ്കിലും ഇല്ലാത്ത യൂറോപ്യരല്ലാത്തവരോടു നാട്ടിലേക്കു മടങ്ങാന്‍ ഉത്തരവിടുക . രണ്ട് : വിദേശികളെ വിവാഹം ചെയ്യുന്ന ബ്രിട്ടിഷുകാര്‍ക്ക് 25,000 പൗണ്ടെങ്കിലും വാര്‍ഷിക വരുമാനമില്ലെങ്കില്‍ ജീവിത പങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ അനുമതി നിഷേധിക്കുക . സാമൂഹിക ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയുന്നവരാണെങ്കില്‍ മാത്രം യൂറോപ്യരല്ലാത്തവരെ ബ്രിട്ടനിലേക്കു സ്വാഗതം ചെയ്താല്‍ മതി എന്നതാണു കുടിയേറ്റ നയത്തിന്റെ കാതല്‍ .
ഇന്ത്യക്കാരുള്‍പ്പെടെ യൂറോപ്യരല്ലാത്തവര്‍ക്കു ലഭ്യമായിരുന്ന പഠനാനന്തര ജോലി വീസ നിര്‍ത്തലാക്കുമെന്നു ഗവണ്‍മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശിയായ ജീവിത പങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിനു വരുമാന പരിധി ബാധകമാക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു കുടിയേറ്റക്കാരുടെ ക്ഷേമത്തിനായുള്ള ജോയിന്റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി |