|
ലണ്ടന്‍ : സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണിലെത്തി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം വര്‍ക്ക് വിസയിലേയ്ക്ക് മാറുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. സ്റ്റുഡന്റ് വിസയിലുള്ള പഠനം കഴിഞ്ഞ് മുഴുവന്‍ സമയം ജോലി ചെയ്യാവുന്ന വിസ സ്റ്റാറ്റസായ പോസ്റ്റ് സ്റ്റഡി (ടിയര്‍ 1) വിസ പരിഷ്‌ക്കരിക്കുന്നു എന്നറിയിച്ചാണ് വര്‍ക്ക് വിസയില്‍ മാറ്റം വരുത്തിയിരിക്കുന്നത് . ഇത്രയും കാലം പോസ്റ്റ് സ്റ്റഡി വിസ ലഭിച്ചാല്‍ ആ രണ്ട് വര്‍ഷത്തേയ്ക്ക് എവിടെ വേണമെങ്കിലും ജോലി ചെയ്യാനുണ്ടായിരുന്ന സ്വാതന്ത്രം ഇനി ഉണ്ടാകില്ലെന്ന് ചുരുക്കം .പോസ്റ്റ് സ്റ്റഡി വിസ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത് . ഇത്രയും നാള്‍ സ്റ്റുഡന്റ് വിസയില്‍ വന്നവര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ അതിന്റെ പേരില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ആറ് മുതല്‍ പ്രതിവര്‍ഷം 20,000 പൗണ്ടോ അതിനു മുകളിലേയ്‌ക്കോ ശമ്പളമുള്ള ഒരു ജോലി കണ്ടെത്തിയാല്‍ മാത്രമേ പോസ്റ്റ് സ്റ്റഡി വിസ ലഭിക്കുകയുള്ളൂ. അതും യു.കെ.ബി.എ അക്രഡിറ്റേഷനുള്ള തൊഴില്‍ സ്ഥാപനത്തില്‍ നിന്നു വേണം ജോലിയ്ക്കുള്ള ഓഫര്‍ ലഭിക്കാന്‍ .
കൂടാതെ ഗ്രാജുവേറ്റ് എന്റര്‍പ്രേണര്‍ എന്ന പുതിയൊരു വിഭാഗത്തിനു കൂടി വിസ അനുവദിക്കുന്നതിനു തീരുമാനമായിട്ടുണ്ട് . പക്ഷേ പ്രതിവര്‍ഷം 1,000 പേര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ വിസ അനുവദിക്കുകയുള്ളൂ . ലോകോത്തര നിലവാരമുള്ള ബിസിനസ് ഐഡിയകള്‍ ഉള്ളവര്‍ക്കായിരിക്കും ഈ വിഭാഗത്തില്‍ പ്രവേശനം അനുവദിക്കുക എന്നു പറയുന്നുണ്ടെങ്കിലും സ്വന്തം ബിസിനസില്‍ 50,000 പൗണ്ട് മുതല്‍ മുടക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ സാധിക്കൂ. സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്കും മറ്റ് തൊഴില്‍ വിസയില്‍ ഉള്ളവരും ഡിപ്പന്റന്റുമാര്‍ക്കും ബ്രിട്ടണില്‍ കഴിയുന്നതിനു വേണ്ടി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയും ഉയര്‍ത്തിയിട്ടുണ്ട് .
ഡിഗ്രി ലെവലിനു താഴെയുള്ള കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ വരുന്നവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിലും മൂന്നിലൊന്ന് കോഴ്‌സുകളുടെ വര്‍ക്ക് പ്ലെയ്‌സ്‌മെന്റുകള്‍ വെട്ടിക്കുറച്ചു. മാത്രമല്ല ഡിഗ്രി ലെവലില്‍ പഠിക്കുന്നതിനു വേണ്ടി യു.കെയില്‍ ചെലവഴിക്കാവുന്ന സമയം പരമാവധി അഞ്ച് വര്‍ഷമാക്കിയും കുറച്ചിട്ടുണ്ട് . |