|
ലണ്ടന്‍ : സര്‍വകലാശാലകള്‍ക്ക് തിരിച്ചടിയാകുന്ന നിയന്ത്രണങ്ങള്‍ക്ക് ഗവണ്‍മെന്റ് ഒരുങ്ങുന്നു. സ്റ്റുഡന്റ് വിസയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്. ഇതു പ്രാബല്യത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റികളുടെ മുഖ്യ വരുമാനശ്രോതസായ വിദേശ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നിലയ്ക്കും.
സ്റ്റുഡന്റ്‌സ് വിസയിലെത്തി വ്യാജകുടിയേറ്റം നടത്തുകയും അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റികളുടെ പേരില്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് സ്റ്റുഡന്റ്‌സ് വിസ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. കൃത്യമായ പഠന ലക്ഷ്യത്തോടെ എത്തുന്നവര്‍ക്കു മാത്രമേ ഇനി യുകെയില്‍ വിസ ലഭിക്കു.
മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകുന്ന നടപടിയാണ് വിസ നിയന്ത്രണമെന്ന് അധികൃതര്‍ പറയുന്നു. ഡിഗ്രി പഠനത്തിനു താഴെയുള്ള വിദ്യാര്‍ഥികളെ കഴിവതും ഒഴിവാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വ്യാജ യൂണിവേഴ്‌സിറ്റികളുടെയും മറ്റും പേരിലെത്തി മറ്റു ജോലികള്‍ക്കു പോകുന്നത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ , ഗവണ്‍മെന്റ് നടപ്പാക്കാന്‍ പോകുന്ന സ്റ്റുഡന്റ്‌സ് വിസ നിയമത്തിനെതിരേ യൂണിവേഴ്‌സിറ്റികള്‍ രംഗത്തെത്തിക്കഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ വിദേശ വിദ്യാര്‍ഥികളെ കുടുതല്‍ പ്രവേശിപ്പിക്കാന്‍ വേണ്ട നപടികളുമായി മുന്നോട്ടു പോകുന്ന അവസരത്തിലുണ്ടായിരിക്കുന്ന നിയന്ത്രണം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നതു കൊണ്ടാണ് കൂടുതല്‍ വിദേശ വിദ്യാര്‍ഥികളും യുകെയിലേക്കു കുടിയേറുന്നതെന്ന് യൂണിവേഴ്‌സിറ്റികള്‍ പറയുന്നു. ഗവണ്‍മെന്റിന്റെ നിയമ പരിഷ്‌കരണം കൊണ്ട് സര്‍വകാലാശാലകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ പഠനം മാത്രം ലക്ഷ്യമാക്കിയല്ല ഭൂരിഭാഗം പേരും യുകെയിലെത്തുന്നതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇതിന് തടയിടാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാണ്. |