|
ലണ്ടന്‍ : ബംഗാളി റസ്റ്ററന്റ് ശൃംഖലയുടെ ഉടമ കുടിയേറ്റ നിയമലംഘനത്തിന് തടവില്‍. നിയമം ലഘിച്ചതായി സമ്മതിച്ചതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹിഫ്‌സുള്‍ റഹ്മാന്‍ ആണു പ്രതി. ഏഴു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. യുകെയില്‍ അനധികൃത ജോലിക്കു സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എല്ലാം.
കെസ്‌വിക്കില്‍ ദ റെഡ് ഫോര്‍ട്ട് റെസ്റ്ററന്റ് ആണിയാള്‍ നടത്തിയിരുന്നത്. 46 വയസാണ്.
യുകെ ബോര്‍ഡര്‍ ഏജന്‍സി ഇമിഗ്രേഷന്‍ ക്രൈം ടീം ആണ് കുറ്റം കണ്ടുപിടിച്ചത്. 2009 ജൂലൈയില്‍ ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൂന്നു റസ്റ്ററന്റുകളിലായി നിരവധി അനധികൃത കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്നതായി വ്യക്തമായി.
തൊഴിലാളികളെ ഇയാള്‍ ജോലി സ്ഥലത്തു തന്നെയാണു താമസിപ്പിച്ചിരുന്നത്. യുകെബിഎ അധികൃതര്‍ ഇവരെ കൈയോടെ പിടികൂടുകയും ചെയ്തു. 35 പേരെങ്കിലും ഒരേ സമയത്ത് ഇത്തരത്തില്‍ ജോലി ചെയ്തിരുന്നു എന്നാണ് സൂചന. ഇവരില്‍ അനധികൃതമായി രാജ്യത്തു കടന്നവരും , വിസ കാലാവധി അവസാനിച്ചവരും ഉണ്ടായിരുന്നു. |