|
ലണ്ടന്‍ : ഹോം ഓഫീസ് പുതുതായി പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്റന്റ് പ്രകാരം ഇനി ടിയര്‍ 1, ടിയര്‍ 2 വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏപ്രില്‍ 6ന് ശേഷം പിആര്‍ ലഭിക്കണമെങ്കില്‍ ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ് പാസാവുക തന്നെ വേണം. നിലവില്‍ ഈ പരീക്ഷയ്ക്കു പകരം ESOL, സ്‌കില്‍സ് ഫോര്‍ ലൈഫ് കോഴ്‌സ് പൂര്‍ത്തിയാക്കിയാലും പിആറിന് അപേക്ഷ നല്‍കാമായിരുന്നു. ചെറുപ്പക്കാരായ ടിയര്‍ 1, ടിയര്‍ 2 മൈഗ്രന്റിന് പുതിയ നിയമം അധികം ബാധിക്കില്ലെങ്കിലും, കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവുള്ള മുതിര്‍ന്നവരെ ഇത് ബാധിക്കുക തന്നെ ചെയ്യും. ടിയര്‍ 1, ടിയര്‍ 2, വര്‍ക്ക് പെര്‍മിറ്റ് എന്നീ വിഭാഗത്തിലുള്ള എല്ലാവരും ഇംഗ്ലീഷ് ഭാഷയില്‍ ലെവല്‍ ബി 1 പരിധിയിലെങ്കിലും പരിജ്ഞാനം ഉള്ളവരാണെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണത്രെ ഈ നിയമമാറ്റം. എന്നാല്‍ ടിയര്‍ 1, ടിയര്‍ 2 വിഭാഗത്തിലുള്ളവരുടെ ഡിപ്പന്റന്‍സിന് ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ് നിര്‍ബന്ധമല്ല. അവര്‍ക്ക് ESOL കോഴ്‌സ് വഴി ഈ നിബന്ധന പൂര്‍ത്തിയാക്കാം.
ടിയര്‍ 1, ടിയര്‍ 2 വിസ ലഭിക്കണമെങ്കില്‍ ഏപ്രില്‍ 6 മുതല്‍ ഇംഗ്ലീഷ് ലെവല്‍ ബി 1 പരിജ്ഞാനം വേണമെന്നത് നിര്‍ബന്ധമാണ്. ഇത് പിആറിനും വേണമെന്ന് വാശി പിടിക്കുന്നത് കുറച്ച് പേര്‍ക്കെങ്കിലും പിആര്‍ നല്‍കില്ല എന്ന നിക്ഷിപ്ത താല്‍പര്യം മൂലമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നിലവില്‍ ഗ്യാജുവേറ്റ് ആയ കുടിയേറ്റക്കാര്‍ക്ക് ടിയര്‍ 1, ടിയര്‍ 2 അപേക്ഷാ സമയത്ത് അവരുടെ വിദ്യാഭ്യാസത്തിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമം അനുവദിക്കുന്നുണ്ട്.
പോയിന്റ് ബേസ്ഡ് സിസ്റ്റം കാല്‍ക്കുലേറ്റര്‍ അംഗീകരിക്കുന്ന ഡിഗ്രി കോഴ്‌സുകള്‍ക്ക് ഓട്ടോമാറ്റിക്കായി ഇംഗ്ലീഷ് ലാംഗ്യേജ് സ്‌കില്‍സിന് പോയിന്റ് ലഭിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ പിആര്‍ സമയത്ത് ഇംഗ്ലീഷ്, ലെവല്‍ ബി 1 പരിജ്ഞാനം മാത്രം തെളിയിച്ചാല്‍ മതിയെങ്കില്‍ ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റിന്റെ ആവശ്യകത എന്തിന് എന്ന് നമുക്ക് ന്യായമായും ചിന്തിക്കാവുന്നതേയുള്ളൂ. മറിച്ച് യുകെയില്‍ സ്ഥിരതാമസമാക്കുന്നവര്‍ ഈ രാജ്യത്തേയും ഇവിടുത്തെ ഭാഷയെയും, സംസ്‌കാരത്തെയും കുറിച്ച് ബോധമുള്ളവരായിരിക്കണം എന്ന നിഷ്‌കര്‍ഷയാണ് ഇതിന് പിന്നിലുള്ളതെങ്കില്‍ ESOL കോഴ്‌സുകളിലൂടെ അവ ആര്‍ജ്ജിക്കുന്നതില്‍ എന്താണ് തെറ്റ്. മാത്രമല്ല, ഡൊമസ്റ്റിക് വര്‍ക്കര്‍ , ബ്രിട്ടീഷ് പൗരന്‍മാരുടെ ഭാര്യ/ഭര്‍ത്താക്കന്‍മാര്‍ എന്നിവര്‍ , അല്ലെങ്കില്‍ ലോങ് റസിഡന്‍സി വിസാ നിയമത്തില്‍ സെറ്റില്‍മെന്റിന് വിസയ്ക്ക് അര്‍ഹത നേടുന്നവര്‍ക്ക് ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റിന് പകരം ESOL കോഴ്‌സ് ചെയ്താല്‍ മതിയാകും.
ഇതുകൊണ്ടു തന്നെ ടിയര്‍ 1, ടിയര്‍ 2, വര്‍ക്ക് പെര്‍മിറ്റ് വിഭാഗത്തെ മാത്രം ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ് വഴി സെറ്റില്‍മെന്റ് വിസാ മാര്‍ഗ്ഗം കടുപ്പമുള്ളതാക്കി തരം തിരിക്കുന്നതിനുള്ള വേറൊരു മാര്‍ഗ്ഗം എന്ന് തിട്ടപ്പെടുത്താം. ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ് പരീക്ഷ പാസാകുന്ന അത്രയും നാളത്തേക്ക് ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിസ പുതുക്കി ന്‌ല#കുന്നതിനെക്കുറിച്ചൊന്നും സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്റെന്റില്‍ പരാമര്‍ശിക്കുന്നില്ല. മുന്‍പ് വേറൊരു ലേഖനത്തില്‍ പറഞ്ഞ പോലെ ഈ പരിഷ്‌കരണവും കോടതി കയറും എന്ന കാര്യത്തില്‍ സംശയമില്ല. നിയമം കൊണ്ടു വരുന്നതിനൊപ്പം അതിന്റെ ഉദ്ദേശശുദ്ധിയും നിയമനിര്‍മ്മാതാക്കള്‍ തെളിയിക്കേണ്ടതായിട്ടുണ്ട്. 21 വയസ്സില്‍ താഴെയുള്ള ഡിപ്പന്റന്റ് സ്പൗസിന് യുകെ വിസ നിഷേധിച്ച നിയമം കരിനിയമമായി കോടതി പ്രഖ്യാപിച്ചത് നിയമത്തിന്റെ ഉദ്ദേശശുദ്ധി ശരിയല്ല എന്ന നിഗമനത്തില്‍ നിന്നാണ്. പാര്‍ലമെന്റില്‍ ഈ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയെങ്കിലും നടക്കട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം. |