|
പാരീസ് : അനധികൃത കുടിയേറ്റമായാലെന്താ രാജകീയമായിത്തന്നെ ആയിക്കളയാം. റോള്‍സ് റോയ്‌സിലൊക്കെ പോകണമെന്നു കരുതുന്നതു പക്ഷേ അതിമോഹമാകും. എങ്കില്‍ പിന്നെ റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്‍ എങ്കിലുമാകാം. 275,000 പൗണ്ട് വിലയുള്ള റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്ലുകളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവരാണു പിടിയിലായിരിക്കുന്നത്.
ഫ്രാന്‍സിലെ കലൈസ് പോര്‍ട്ടില്‍ കുടുങ്ങിയത് ഒമ്പതു പേര്‍ . ഇവരെ കണ്ടെത്തിയതാവട്ടെ പരിശീലനം സിദ്ധിച്ച നായയും. ജര്‍മന്‍ ലോറിയിലാണ് ബോഡി ഷെല്ലുകള്‍ കയറ്റിയിരുന്നത്. വെസ്റ്റ് സസക്‌സിലേക്കു കൊണ്ടു പോകാനുള്ളവയായിരുന്നു ഇവ.
എറിത്രിയയില്‍ നിന്നുള്ളവരാണ് ഇതില്‍ ഒളിച്ചിരുന്നത്. എല്ലാവരെയും ഫ്രഞ്ച് ബോര്‍ഡര്‍ പോലീസിനു കൈമാറി. ലോറി യാത്ര തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ഇതിലുള്ളവരുടെ അറിവോടെയല്ല കുടിയേറ്റക്കാര്‍ കയറിക്കൂടിയതെന്നു വ്യക്തമായതിനെത്തുടര്‍ന്നാണിത്.
നാലു ബോഡി ഷെല്ലുകളാണ് ഒരു ലോറിയില്‍ കയറ്റുന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, അല്ലെങ്കില്‍ ഫാന്റം മോഡലുകള്‍ക്കുള്ളതായിരിക്കും ഇവ. ജര്‍മനിയിലാണ് ഇവ നിര്‍മിക്കുന്നത്. ഇന്റീരിയര്‍ പാര്‍ട്‌സോ പാനലുകളോ ഒന്നും ഇതിലുണ്ടാകാറില്ല. എന്തായാലും ആഡംബര കാറുകളുടെ ബോഡി ഷെല്ലില്‍ കടന്നു കയറാനുള്ള അനധികൃത കുടിയേറ്റക്കാരുടെ നീക്കം പൊളിഞ്ഞു. |