|
ലണ്ടന്‍ : യുകെയിലേക്കുള്ള ടിയര്‍ 4 വിസാ അപേക്ഷകള്‍ക്കും യുകെയിലേക്കുള്ളവരുടെ വിസ എക്‌സ്‌റ്റെന്‍ഷന്‍ അപേക്ഷകള്‍ക്കും മാതാപിതാക്കളല്ലാത്തവര്‍ക്കും സ്‌പോണ്‍സര്‍മാരാകാമെന്ന് ഇമിഗ്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചു. ബ്രസീലില്‍ നിന്നും യുകെയില്‍ പഠിക്കാനെത്തിയ ഒരു വിദ്യാര്‍ത്ഥിനിയുടെ അപ്പീല്‍ കേസ് അനുവദിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ ഈ വിധി പുറപ്പെടുവിച്ചത്. ഈ വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നത് ഡോക്ടര്‍ ദമ്പതിമാരായിരുന്നു.
ടിയര്‍ 4 അപേക്ഷാ ഫോമിന്റെ കൂടെ ഇപ്രാവിശ്യം അവരുടെ സ്‌പോണ്‍സര്‍ ലെറ്റര്‍ വച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ ഒരു സ്‌പോണ്‍സര്‍ക്കോ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ മാത്രമേ യുകെബിഎ ടിയര്‍ 4 പോളിസി ഗൈഡന്‍സ് അനുസരിച്ച് സ്‌പോണ്‍സര്‍മാരാകാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ് ഹോം ഓഫീസ് വിസ അപേക്ഷ നിരസിച്ചു.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ First Tier Immigration Judge നിരസിച്ചു. ഇതിന് നല്‍കിയ അപ്പീലില്‍ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ Upper Tribunal ആണ് അപ്പീല്‍ അനുവദിച്ചത്. യുകെബിഎ പോളിസി ഗൈഡന്‍സ് നിയമപ്രാബല്യമില്ലെന്നുള്ള Court of Appeal-ന്റെ ഒരു മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് അപ്പര്‍ ട്രൈബ്യൂണല്‍ ഈ കേസില്‍ വിധി പ്രസ്താവന നടത്തിയത്.
മെയ്ന്റനന്റ് ഫണ്ട്‌സ് അപേക്ഷ സമര്‍പ്പിച്ച നാളില്‍ വിദ്യാര്‍ത്ഥിനിക്ക് ഉപയോഗിക്കാന്‍ പാകത്തിനുണ്ടോ എന്ന് മാത്രം തെളിയിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തി ഒരു സമ്മതപത്രം നല്‍കണം. മാത്രമല്ല പോയിന്റ് ബേസ്ഡ് സിസ്റ്റം വിസകളില്‍ ഉള്ളവര്‍ക്ക് യൂറോപ്യന്‍ ഹ്യൂമന്‍ റൈറ്റ് നിയമമനുസരിച്ചുള്ള പരിഗണനയ്ക്കും അവകാശമുണ്ടെന്ന് കോടതി ഈ വിധിയിലൂടെ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാത്ത പോളിസി ഗൈഡന്‍സിന് നിയമസാധുതയില്ലെന്ന കാര്യവും കോടതി പ്രത്യേകം എടുത്തു പറഞ്ഞു. ഈ വിധി യുകെയിലും പുറത്തുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും. |