|
ഗേറ്റ്‌സ്‌ഹെഡ് : ഇല്ലാത്ത കോളേജിന്റെ പേരില്‍ അനധികൃമായി കുടിയേറ്റക്കാരെ കടത്തിയ അഞ്ച് പേരെ യുകെ ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. ഗേറ്റ്‌സ്‌ഹെഡ് ഫെല്ലിങ് പാര്‍ക്ക് റോഡിലെ കാസില്‍ കോളേജ് അധികൃതരെയാണ് യുകെബിഎ ഡിറ്റക്ടീവുമാര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്. വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള കോളേജിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ശരിയായ രീതിയില്‍ കോളേജില്‍ പഠിക്കാനെത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
അറസ്റ്റിലായവരില്‍ നാല് പേര്‍ കോളേജിന്റെ മുതിര്‍ന്ന ജീവനക്കാരാണ്. കോളേജിന്റെ പേര് ഉപയോഗപ്പെടുത്തി കുടിയേറ്റ നിയമലംഘനം നടത്തുകയായിരുനെന്ന സംശയത്തിലാണ് അറസ്റ്റ്. കോളേജിലെ ഒരു മുന്‍ വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായ മറ്റൊരാള്‍ . ഇവര്‍ വിസാ നിബന്ധനകള്‍ തെറ്റിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ഗേറ്റ്‌സ്‌റ്റെഡ്, ന്യൂകാസില്‍ , കോളേജ് എന്നിവിടങ്ങളിലെ റെയ്ഡിലാണ് അറസ്റ്റ്. മൂന്ന് പാകിസ്ഥാന്‍കാരും, ഒരു ബംഗ്ലാദേശിയുമാണ് അറസ്റ്റിലായത്. ന്യൂകാസിലിലെ പോലീസ് സ്‌റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കോളേജില്‍ നിന്ന് നല്ലൊരു തുകയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ നൈജീരിയന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയ്ക്കാന്‍ നടപടിയെടുക്കും.
ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളെ അതീവ ഗുരുതരമായാണ് കാണുന്നതെന്നും, പരമാവധി നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും യുകെബിഎ റീജിയണല്‍ ഡയറക്ടര്‍ ജെറെമി ഓപ്പെണിം വ്യക്തമാക്കി. |