|
ലണ്ടന്‍ : ഏപ്രില്‍ 6ന് വിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പാര്‍ലമെന്ററി വിജ്ഞാപനം ഗവണ്‍മെന്റ് പുറത്തിറക്കി. ഏപ്രില്‍ 6 മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുത്താനാണ് ഗവണ്‍മെന്റിന്റെ പരിപാടി. രണ്ടു തവണയായി ഈ വിജ്ഞാപനം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി യുകെ ബോര്‍ഡര്‍ ഏജന്‍സി 500 മില്ല്യന്‍ പൗണ്ടിന്റെ ബജറ്റ് കുറവ് വരുത്തും. ഇതു നികത്തുന്നതിനാണ് പുതിയ ഫീസ് നയം കൊണ്ടുവരുന്നത്.
പുതുക്കിയ ഫീസുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സെറ്റില്‍മെന്റ് വിസാ ഫീസ് നിലവിലെ 1250 പൗണ്ടില്‍ നിന്നും 1350 പൗണ്ടായി ഉയരും. സെയിം ഡേ വിസാ സര്‍വ്വീസിലാണ് ഈ നിരക്ക്. പോസ്റ്റല്‍ ആയിട്ടാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ഇപ്പോഴുള്ള 900 പൗണ്ടിന് പകരം 972 പൗണ്ട് നല്‍കേണ്ടി വരും. അതു പോലെ തന്നെ ഡിപ്പന്‍ഡന്റ് സ്പൗസിനും കുട്ടികള്‍ക്കും സെറ്റില്‍മെന്റ് വിസ സെയിം ഡേ സര്‍വ്വീസിന് നിലവിലുള്ള 350 പൗണ്ടിന് പകരം 675 പൗണ്ട് വിസാ ഫീസ് നല്‍കേണ്ടി വരും.
പോസ്റ്റല്‍ അപേക്ഷയാണെങ്കില്‍ നിലവിലുള്ള 250 പൗണ്ടിന് പകരം 486 പൗണ്ടാണ് നല്‍കേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ 2 മുതിര്‍ന്നവരും, രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന് സെറ്റില്‍മെന്റ് വിസ സെയിം ഡേ സര്‍വ്വീസില്‍ ലഭിക്കണമെങ്കില്‍ 3375 പൗണ്ട് ഫീസായി ഏപ്രില്‍ 6ന് ശേഷം നല്‍കണം. നിലവില്‍ ഈ ഫാമിലിക്ക് 2300 പൗണ്ട് നല്‍കിയാല്‍ മതി. ഏപ്രിലില്‍ അപേക്ഷ നല്‍കണമെങ്കില്‍ ഈ ഫാമിലി 1075 പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരും. അതു പോലെ തന്നെ നാഷനാലിറ്റി ഫീസ്, ടിയര്‍ 2 വിസ, ടിയര്‍ 1 വിസ, ഡൊമസ്റ്റിക്ക് വര്‍ക്കര്‍ വിസ എന്നിങ്ങനെ എല്ലാ വിഭാഗത്തിനും വിസാ ഫീസ് വര്‍ദ്ധനയുണ്ട്. സ്റ്റുഡന്റ് വിസാ ഫീസിന്റെ കാര്യത്തില്‍ മാത്രം വലിയ വര്‍ദ്ധന പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള 357 പൗണ്ടിന് പകരം 386 പൗണ്ട് നല്‍കിയാല്‍ മതിയാകും.
ഏതായാലും ഏപ്രില്‍ 6ന് ശേഷം നിലവില്‍ വരുന്ന ഫീസ് വര്‍ദ്ധന ജീവിതച്ചിലവ് വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ നമ്മുടെ മലയാളി സമൂഹത്തിന് വലിയ ഇരുട്ടടിയാകും. ഏതായാലും മൂന്ന് മാസത്തിനുള്ളില്‍ വരുത്തുന്ന രണ്ടാമത്തെ വലിയ ഫീസ് വര്‍ദ്ധനയാണിത്. ഇത് പകല്‍ക്കൊള്ള തന്നെയാണെന്ന് ഇമിഗ്രേഷന്‍ ചാരിറ്റികള്‍ മുറവിളി മുഴക്കിക്കഴിഞ്ഞു. വിദേശികളെ പിഴിഞ്ഞ് പണമുണ്ടാക്കാനുള്ള ഈ തത്രപ്പാടിനെ ഭയപ്പാടോടെ തന്നെ പ്രവാസി സമൂഹം കാണണം. |