|
ലണ്ടന്‍: മൈഗ്രന്‍ഡ് അഡൈ്വസറി കമ്മിറ്റി പ്രസിദ്ധീകരിച്ച ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്നു സ്‌കില്‍ഡ് സീനിയര്‍ കെയര്‍ വര്‍ക്കര്‍ തസ്‌തികയെ ഒഴിവാക്കി. ഇമിഗ്രേഷന്‍ ക്യാപ് ഏപ്രില്‍ ആറിനു നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ജോലികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈഗ്രന്‍ഡ് അഡൈ്വസറി കമ്മിറ്റിയോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇന്നു രാവിലെയാണ് ഈ നടപടിയുണ്ടായത്.
ഇപ്പോഴത്തെ പ്രഖ്യാപനമനുസരിച്ച് സ്‌കില്‍ഡ് സീനിയര്‍ കെയര്‍ വര്‍ക്കര്‍ തസ്‌തിക ഗ്രാജുവേറ്റ് ലെവല്‍ ജോബ് ആയി പരിഗണിക്കുന്നതല്ല. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികല്‍ക്ക് സെര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ഇഷ്യു ചെയ്യാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് സാധിക്കില്ല. അതിന്റെയര്‍ഥം, ഏപ്രില്‍ ആറു മുതല്‍ യുകെയില്‍ സീനിയര്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ടിയര്‍ 2 വിസ ലഭിക്കുകയില്ല എന്നാണ്. ഗവണ്‍മെന്റ് ജൂലൈ പത്തൊമ്പതിന് ഏര്‍പ്പെടുത്തിയ ടെംപററി ഇമിഗ്രേഷന്‍ ക്യാപ്പിനെതിരേ കേസ് നല്‍കിയത് ഇംഗ്ലീഷ് കമ്മ്യൂണിറ്റി കെയര്‍ അസോസിയേഷന്‍ ആയിരുന്നു. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഗവണ്‍മെന്റ് നിയമനിര്‍മാണം വഴി ഹൈക്കോടതി വിധിയെ മറികടന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റി കേസ് അസോസിയേഷന്‍ സ്‌കില്‍ഡ് സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിഭാഗത്തെ ഷോര്‍ട്ടേജ് ലിസ്റ്റില്‍ തുടരാന്‍ അനുവദിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിഭാഗം ഷോര്‍ട്ടേജ് ലിസ്റ്റില്‍ തുടരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയാണ് ഇന്നത്തെ റിപ്പോര്‍ട്ടോടുകൂടി അസ്‌തമിച്ചു.
ഷെഫുമാരുടെ വിഭാഗത്തില്‍ 28,260 പൗണ്ടിനു മുകളില്‍ ശമ്പളം ലഭിക്കുന്നതും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളതുമായ തസ്‌തികകള്‍ മാത്രമേ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ പരിധിയില്‍ വരികയുള്ളൂവെന്നും കമ്മിറ്റി വ്യക്തമാക്കി. ഇത് ഈ വിഭാഗത്തിലുള്ളവര്‍ക്കും റെസ്റ്ററന്റുകള്‍ക്കും ആശ്വാസമാകും. ഹെഡ് ഷെഫ്, സീനിയര്‍ ഷെഫ് എന്നീ വിഭാഗങ്ങള്‍ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ പരിധിയില്‍ വരാം. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട ഷെഫുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍മാര്‍ക്ക് സാധിക്കും. ഇത് ഹോസ്‌പിറ്റാലിറ്റി മേഖലയ്‌ക്ക് പൊതുവേയും, ഷെഫുമാരായി ജോലി പ്രതീക്ഷിച്ച് യുകെയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുണയാകും. സ്‌കില്‍ഡ് മീറ്റ് - ട്രിമ്മര്‍, സ്‌കില്‍ഡ് മീറ്റ് ബോണര്‍, ഹൈഇന്റഗ്രിറ്റി പൈപ്പ് വെല്‍ഡര്‍ എന്നീ തസ്‌തികകളും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. |