|
ലണ്ടന്‍ : യുകെയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന കുടിയേറ്റ ക്യാപ്പ് ബിസിനസ്സുകളെ സാരമായി ബാധിക്കുമെന്ന് വെളിവാക്കുന്ന സര്‍വ്വെഫലം പുറത്തെത്തി. ഈ വര്‍ഷം ഏപ്രിലില്‍ പെര്‍മനന്റ് ഇമിഗ്രേഷന്‍ ക്യാപ്പ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാപ്പ് യുകെയില്‍ ലേബര്‍ ഷോര്‍ട്ടേജിന് ഇടയാക്കുമെന്നും സര്‍വ്വെ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പെഷ്യലിസ്റ്റ് റിക്രൂട്ടിങ് സ്ഥാപനമായ പൂലിയയയാണ് ഇമിഗ്രേഷന്‍ ക്യാപ്പ് സൃഷ്ടിക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സര്‍വ്വെ നടത്തിയത്.
സ്‌കില്‍ഡ് എംപ്ലോയീസിന് പകരം യുകെയില്‍ ഉള്ളവരും, വളരെ ചുരുക്കമായി എത്തുന്ന കുടിയേറ്റക്കാരില്‍ നിന്നും ജീവനക്കാരെ എടുക്കാന്‍ ബിസിനസ്സുകള്‍ നിര്‍ബന്ധിതരാവും. ഇതിലൂടെ ബിസിനസ്സുകള്‍ ശോഷിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദ്ദേശത്തിന് നേര്‍വിപരീത ഫലമാണ് ഇതെല്ലാം ഉണ്ടാക്കുകയെന്ന് ക്യാപ്പ് ബാധിക്കാന്‍ ഇടയുള്ള ബിസിനസ്സുകളില്‍ നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നു.
സ്‌കില്‍ഡ് എംപ്ലോയീസിനെ റിക്രൂട്ട് ചെയ്യാനും, നിലനിര്‍ത്താനും ക്യാപ്പ് പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഭൂരിപക്ഷം ബിസിനസ്സുകളും വിശ്വസിക്കുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത 45 ശതമാനം ബിസിനസ്സുകാരും ക്യാപ്പ് അവരുടെ ബിസിനസ്സിനെ ബാധിക്കുമെന്ന് പറഞ്ഞു. 16 ശതമാനം പേര്‍ മാത്രമാണ് യുകെയുടെ ഗുണത്തിന് വേണ്ടിയാണ് ക്യാപ്പെന്ന് അഭിപ്രായപ്പെട്ടത്. 25 ശതമാനം പേരുടെ അഭിപ്രായത്തില്‍ തങ്ങള്‍ എന്തെങ്കിലും ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നായകം മാത്രമാണ് ക്യാപ്പ്.
യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള സ്‌കില്‍ഡ്-ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാരെയാണ് ഇമിഗ്രേഷന്‍ ക്യാപ്പ് പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ കുറവ് യുകെയില്‍ ഇപ്പോഴുമുള്ളതായി ഭൂരിഭാഗം ബിസിനസ്സുകളും അഭിപ്രായപ്പെടുന്നു. ഇത് മൂലം ക്യാപ്പ് നടപ്പാക്കുന്നതിലൂടെ പ്രാദേശിക തൊഴില്‍രംഗത്ത് വര്‍ദ്ധന ഉണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലാതാകുന്നു. വിസ റിന്യൂ ചെയ്യാന്‍ സാധിക്കാതെ തങ്ങളെ വിട്ടു പോകേണ്ടിവരുന്ന പ്രധാനപ്പെട്ട എംപ്ലോയീസിന്റെ കാര്യത്തിലും ബിസിനസ്സുകള്‍ ആശങ്ക പുലര്‍ത്തുന്നു.
യുകെയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ കുടിയേറ്റ ക്യാപ്പിലൂടെ സാധിക്കില്ലെന്ന് സര്‍വ്വെ തെളിയിക്കുന്നതായി പൂലിയ മാനേജിങ് ഡയറക്ടര്‍ ഷോണ്‍ഡ ഗ്രീന്‍ഫീല്‍ഡ് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ഒഴിവാക്കുന്നത് സ്ഥാപനങ്ങള്‍ക്കു മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. ഇത് പ്രൊഡക്ഷനെയും, ട്രേഡ് പെര്‍ഫോമന്‍സിനെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |