|
ലണ്ടന്‍ : പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള യുവാക്കളുടെ മേഖലയില്‍ സര്‍ക്കാര്‍ സമൂല മാറ്റം വരുത്തുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സങ്കീര്‍ണമായ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. സ്റ്റേറ്റ്‌മെന്റസ് ഓഫ്് നീഡ് എഴുതിക്കൊടുക്കേണ്ട അവസ്ഥയുണ്ട്. ഇതു മാറ്റി കൂടുതല്‍ കുടുംബസൗഹാര്‍ദപരമായ രീതി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സപ്പോര്‍ട്ട് ബജറ്റില്‍ നിയന്ത്രണവും അനുവദിക്കും. 2014 മുതല്‍ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ , ഈ മാറ്റങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് ടീച്ചേഴ്‌സ് യൂണിയനുകള്‍ സംശയം പ്രകടിപ്പിക്കുന്നു. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നടപടികള്‍ ഇതിനെയും ബാധിക്കില്ലേയെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്.
സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വോളന്ററി ഗ്രൂപ്പുകള്‍ക്കും നിര്‍ണായക സ്ഥാനം നല്‍കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഗ്രീന്‍ പേപ്പറായാണ് തയാറാക്കുന്നത്.
ഈ മേഖലയില്‍ മൂന്നു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും വലിയ പരിഷ്‌കരണമായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. സേവനങ്ങള്‍ ലഭിക്കുന്ന പ്രക്രിയയിലെ സങ്കീര്‍ണത നീക്കുകയാണ് പ്രധാന ലക്ഷ്യം.
മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ സേവനം ലഭ്യമാക്കുന്നതിന് യുദ്ധം ചെയ്യേണ്ട അവസ്ഥയാണ്. ഇതു മാറുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. സ്റ്റേറ്റ്‌മെന്റുകള്‍ക്കു പകരം ഒറ്റ അസസ്‌മെന്റ് ആക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടില്‍ 2.7 ശതമാനം കുട്ടികള്‍ക്കാണ് പ്രത്യേക പരിചരണം വേണ്ടിവരുന്നത്. |