|
ലണ്ടന്‍ : യുകെ ഏര്‍പ്പെടുത്തുന്ന വിസ നിയന്ത്രണങ്ങള്‍ക്കെതിരേ രാജ്യത്തെ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ മുന്നറിയിപ്പു നല്‍കുന്നു. താരതമ്യേന പ്രായമേറിയ കൗമാരക്കാര്‍ രാജ്യത്തേക്കു പഠിക്കാന്‍ വരുന്നത് കുറയാന്‍ വിസ നിയന്ത്രണം കാരണമാകുമെന്നാണ് ഇവരുടെ അഭിപ്രായം. വ്യാജ കോളേജുകളില്‍ നിന്നും തങ്ങള്‍ വന്‍ ഭീഷണിയാണു നേരിടുന്നതെന്നും ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഏറ്റവും എളുപ്പമുള്ള വഴിയായി കണ്ടെത്തിയിരിക്കുന്നത് സ്റ്റുഡന്റ് വിസ വെട്ടിക്കുറയ്ക്കുകയാണ്.
യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു നല്‍കുന്ന സ്ഥാപനങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്നാണ് ഹോം ഓഫീസിന്റെ പക്ഷം. എന്നാല്‍ , എ ലെവല്‍ പോലുള്ള കോഴ്‌സുകളില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തെ നിയന്ത്രണം ബാധിക്കുക തന്നെ ചെയ്യുമെന്ന് ഐഎസ്‌സി ചൂണ്ടിക്കാട്ടുന്നു. യുകെയിലെ ബഹുഭൂരിപക്ഷം ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
17 വയസില്‍ താഴെയുള്ളവര്‍ക്ക് ചില്‍ഡ്രന്‍സ് വിസ ലഭിക്കും. എന്നാല്‍ , അതില്‍ കൂടുതല്‍ പ്രായമുള്ള കൗമാരക്കാര്‍ അഡല്‍റ്റ് വിസയ്ക്കു തന്നെ അപേക്ഷിക്കേണ്ടി വരും. അവര്‍ക്കുള്ള നിയന്ത്രണങ്ങളും അധികമാണ്. ഇതാണ് വിദ്യാര്‍ഥികള്‍ കുറയാനുള്ള സാധ്യതയായി ഐഎസ്‌സി ചൂണ്ടിക്കാണിക്കുന്നത്.
2009ല്‍ പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റം അനുസരിച്ച് 273,000 വിസകളാണ് യുകെ അനുവദിച്ചിരുന്നത്. ഇതില്‍ മൂന്നില്‍ രണ്ടും വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളുമായിരുന്നു. 2015ഓടെ നെറ്റ് മൈഗ്രേഷന്‍ 196,000 ആയി കുറയ്ക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കു വേണ്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉയര്‍ത്താനും ഹോം സെക്രട്ടറി തെരേസ മേ ആലോചിക്കുന്നു. |