|
ലണ്ടന്‍ : വിസ കാലാവധി കഴിഞ്ഞ ശേഷവും 181,000 വിദേശികള്‍ യുകെയില്‍ തങ്ങുന്നുണ്ടാകാമെന്നു വെളിപ്പെടുത്തല്‍ . ഡിസംബര്‍ 2008 മുതല്‍ മാത്രമുള്ള കണക്കാണിത്. യുകെ ബോര്‍ഡര്‍ ഏജന്‍സി തന്നെയാണ് ഇത് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ , ഈ കണക്ക് കൃത്യമായിരിക്കുമെന്ന് യുകെബിഎയും അവകാശപ്പെടുന്നില്ല.
അതേസമയം, വിസ കാലാവധി കഴിഞ്ഞവരെ രാജ്യത്തിനു പുറത്താക്കാന്‍ യുകെബിഎ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് നാഷണല്‍ ഓഡിറ്റ് ഓഫിസ് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനോ നാടു കടത്താനോ വേണ്ട നടപടികളില്ല. രാജ്യം വിടാന്‍ ആവശ്യപ്പെട്ട് 2000 പേര്‍ക്ക് കത്തയച്ചതാണ് ഏക നടപടി. ടാര്‍ജറ്റ് വച്ച് ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ഓഡിറ്റ് ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരുടെ പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിന്റെ നടത്തിപ്പ് യുകെബിഎയുടെ ചുമതലയാണ്. 2008ലാണ് ഇതേര്‍പ്പെടുത്തുന്നത്. അതിനു ശേഷം യൂറോപ്പിനു പുറത്തുനിന്ന് 182,000 പേരെ യുകെയില്‍ ജോലിക്കെടുത്തിരുന്നു. അപ്പോള്‍ തന്നെ രാജ്യത്തുണ്ടായിരുന്ന 179,000 പേര്‍ക്ക് തുടരാന്‍ അനുമതിയും നല്‍കിയിരുന്നു.
ഇതില്‍പ്പെടുന്ന 181,000 പേരുടെ വിസ കാലാവധി അവസാനിച്ചതാണ്. പുതുക്കാനുള്ള അപേക്ഷകള്‍ നിരസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ , അവരാരും രാജ്യം വിട്ടതായി വ്യക്തമല്ല. |