|
ലണ്ടന്‍ : യുകെയില്‍ വിസിറ്റിങ് വിസയില്‍ എത്തുന്നവര്‍ക്ക് എന്‍എച്ച്എസ് അത്യാവശ്യ ഘട്ടത്തില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. ഇതുപയോഗപ്പെടുത്തി വിസിറ്റിങ് വിസയില്‍ ചികിത്സക്കായി വന്ന ശേഷം ബില്‍ അടയ്ക്കാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്നവരുണ്ട്. ഇത്തരക്കാരെ ഇനി യുകെയിലേക്ക് അടുപ്പിക്കില്ലെന്നാണ് ഹോം ഓഫീസ് വകുപ്പിന്റെ നിലപാട്. ബില്‍ അടയ്ക്കാതെ മുങ്ങുന്നവര്‍ക്ക് ഇനി വിസിറ്റ് വിസ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.
എന്‍എച്ച്എസ് സേവനം ഉപയോഗപ്പെടുത്തിയ ശേഷം 1000 പൗണ്ടിനു മുകളില്‍ കൊടുക്കാനുള്ളവര്‍ക്ക് യുകെയില്‍ വരാനോ, താമസിക്കാനോ അനുവാദമുണ്ടാകില്ല. കടം തീര്‍ത്ത ശേഷം മാത്രമേ ഇതിന് അനുവാദം ലഭിക്കൂ. ഈ വര്‍ഷം അവസാനത്തോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാവൂ.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എസിലെ കടക്കാരുടെ ലിസ്റ്റ് യുകെ ബോര്‍ഡര്‍ ഏജന്‍സിക്ക് കൈമാറും. യുകെയിലേക്ക് മടങ്ങാനോ, തങ്ങാനോ നില്‍ക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ പിടിക്കപ്പെടും. എല്ലാവരുടെയും ആരോഗ്യം നിലനിര്‍ത്താന്‍ എന്‍എച്ച്എസ് പ്രതിജ്ഞാബദ്ധമാണെന്ന് പൊതു ആരോഗ്യ മന്ത്രി ആനി മില്‍ട്ടണ്‍ വ്യക്തമാക്കി. പക്ഷെ ഇതിന്റെ പേരില്‍ സൗജന്യ ചികിത്സ നല്‍കി ആഗോള ആരോഗ്യ സര്‍വ്വിസായി മാറാന്‍ കഴിയില്ലെന്നും അവര്‍ വെളിപ്പെടുത്തി.
അനാവശ്യമായി സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നത് തടയാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടല്‍ . ഇതോടൊപ്പം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും, അവശ വിഭാഗങ്ങളെ സംരക്ഷിക്കാനും കഴിയും. എന്‍എച്ച്എസ് ഒരു ദേശീയ ആരോഗ്യ സര്‍വ്വീസാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കി. സ്വന്തം ട്രീറ്റ്‌മെന്റിന് ആവശ്യമായ ബില്‍ അടയ്ക്കാതെ പോകുന്നവരെ യുകെയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സര്‍വ്വീസുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന 2009ലെ നിയമം റിവ്യു ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഭേദഗതിയിലൂടെ യുകെ നിവാസികള്‍ക്ക് മറ്റിടങ്ങളിലേക്ക് പോയാലും സൗജന്യ ആശുപത്രി ചികിത്സ നേടാനുള്ള കാലാവധി 3 മാസത്തില്‍ നിന്നും 6 മാസമായി ഉയര്‍ത്തി. ഹോം ഓഫീസ് സപ്പോര്‍ട്ട് നേടി കഴിയുന്ന അഭയാര്‍ത്ഥികള്‍ക്കും സേവനം ലഭിക്കും. പ്രാദേശിക അതോറിറ്റി കെയറിലുള്ള തുണയില്ലാത്ത കുട്ടികള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. |