|
ലണ്ടന്‍ : ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാജ വിവാഹങ്ങള്‍ പെരുകുന്നു. ഒറ്റ വര്‍ഷത്തിനിടെ 66 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവ തടയാനുള്ള നടപടികളും ഊര്‍ജിതമാക്കി. അനധികൃത കുടിയേറ്റം നിയമവിധേയമാക്കുന്നതിനുള്ള മാര്‍ഗമായാണ് ഇത്തരം വിവാഹങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.
2010ല്‍ 934 വ്യാജ വിവാഹങ്ങള്‍ നടന്നതായി വ്യക്തമായിട്ടുണ്ട്. 2009ല്‍ ഇത് 561 മാത്രമായിരുന്നു. 2008ല്‍ വെറും 344ഉം. അനധികൃത കുടിയേറ്റക്കാര്‍ക്ക് വിവാഹം നിരോധിക്കുന്ന നിയമം പാസാക്കാന്‍ കഴിയാത്തതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് 155 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു വിവാഹപാര്‍ട്ടിയിലെ വധൂവരന്‍മാര്‍ അടക്കം അഞ്ചു പേര്‍ക്കു ജയില്‍ ശിക്ഷ വിധിക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ഏഷ്യന്‍ വംശജരും ആഫ്രിക്കന്‍ വംശജരും ധാരാളമായി ഈ തട്ടിപ്പു നടത്തുന്നുണ്ട്. സംശയകരമായ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് രജിസ്ട്രാര്‍മാര്‍ക്ക് യുകെ ബോര്‍ഡര്‍ ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പല വിവാഹങ്ങളും തടയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടുണ്ട്. നോര്‍ത്ത് ലണ്ടന്‍ ബറോയിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ആഴ്ചയില്‍ ശരാശരി അഞ്ചും ആറും വ്യാജ വിവാഹങ്ങള്‍ വരെ നടക്കുന്നുണ്ട്. പലപ്പോഴും വധൂവരന്‍മാര്‍ക്ക് പലപ്പോഴും പരസ്പരം ഫുള്‍ നെയിം പോലും അറിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവയെക്കുറിച്ച് അധികൃതര്‍ക്കു സംശയം തോന്നി റിപ്പോര്‍ട്ട് ചെയ്യുന്നത്. |