Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കായല്‍ കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന്റെ 32 പേപ്പറുകള്‍ നഗരസഭാ ഓഫീസില്‍ നിന്നു കാണാതായി
reporter
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായി. ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന 32 നിര്‍ണായക രേഖകളാണ് കാണാതായിട്ടുള്ളത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനായുള്ള പ്രാഥമിക രേഖകളാണ് കാണാതായിരിക്കുന്നത്.

ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കി. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും അറിയിച്ചു. അതിനിടെ, മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പതിനഞ്ചു മാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി. യുഡിഎഫിന്റെ കാലത്താണോ കൈയേറ്റം നടന്നതെന്നു പരിശോധിക്കുമെന്നും എല്‍ഡിഎഫിന്റെ കാലത്ത് കൈയേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നാണ് മന്ത്രിയുടെ നിലപാട്. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
 
Other News in this category

 
 




 
Close Window