|
പാം ഓയില്‍, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന്റേത് നാല്‍പ്പതില്‍ നിന്ന് 54 ശതമാനമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ള കടലയുടെ ഡ്യൂട്ടിയും നാല്‍പ്പതില്‍ നിന്ന് 54 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ കടലയുടെ തീരുവ നാല്‍പ്പതില്‍ നിന്ന് 60 ശതമാനമായും കൂട്ടി.
ആഭ്യന്തര വിപണിയില്‍ പാം ഓയില്‍, കടല എന്നിവയുടെ വില കാര്യമായി ഉയരുന്നതിന് ഈ നടപടി കാരണമാകും. പാം ഓയില്‍ വില ഉയരുന്നത് മറ്റ് ഭക്ഷ്യ എണ്ണകളുടെ വില കൂടാന്‍ ഇടയാക്കും.
അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ തീരുവ 12.5 ശതമാനം മുതല്‍ 30 ശതമാനം വരെ കൂട്ടുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. കടലയുടെ കാര്യത്തില്‍ ഡ്യൂട്ടിക്ക് പുറമെ 10 ശതമാനം സാമൂഹ്യ സുരക്ഷാ സെസ് കൂടി നല്‍കണം. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. പാം ഓയില്‍ വില ഉയരുന്നത് സ്വാഭാവികമായി വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റത്തിന് വഴി വക്കും. വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ കാര്യമായി ഉയര്‍ന്നിരിക്കുകയാണ്. ചില്ലറ വില്പന വില കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ്. |